ആർഎസ്എസ് നേതാവിന്റെ കൊലവിളിക്ക് പിണറായി വിജയന്റെ മറുപടി. ആർഎസ്എസ് പലരുടേയും തലകൊയ്തിട്ടുണ്ട്, അത് കൊണ്ട് തനിക്ക് വഴി നടിക്കാനാകാതിരിക്കില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ആർഎസ്എസ് വെല്ലുവിളിയെ പുച്ഛിച്ച് തള്ളുന്നു എന്നും പിണറായി വിജയൻ ഫെയിസ് ബുക്ക് പേജിൽ കുറിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്നായിരുന്നു ആര്‍എസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവത്ത് പറഞ്ഞത്. മധ്യപ്രദേശിലെ ഉജ്ജയ്നിലെ ആര്‍എസ്എസ് പ്രമുഖാണ് വിവാദ പ്രസ്താവന നടത്തിയത്. ഉജ്ജയ്നിലെ ഒരു പൊതുപരിപാടിയില്‍ സ്ഥലം എംപിയുടെയും എംഎല്‍എയുടെയും സാന്നിധ്യത്തിലാണ് പ്രസ്താവന. തന്‍റെ പേരിലുള്ള സ്വത്തുക്കള്‍ വിറ്റും ഇതിനായി പണം ചെലവഴിക്കുമെന്ന് അദ്ദേഹം പ്രസംഗത്തിൽ​ പറഞ്ഞു. പിണറായിക്ക് ഗോദ്രകലാപം ഓർമ്മ വേണമെന്നും നേതാവ് പറയുന്നുണ്ട്.

അതേ സമയം മുഖ്യമന്ത്രിക്ക് എതിരെ ഉണ്ടായ പരാമർശം ആർഎസ്എസിന്റെ അഭിപ്രായമല്ലെന്ന് അഖിലഭാരതീയ സഹപ്രചാർ പ്രമുഖ് ജെ.നന്ദകുമാർ പ്രസ്ഥാവനയിറക്കി.എന്നാൽ പിണറായി വിജയനെ തൊട്ടാൽ ബിജെപിയെ കളി പടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കോഴിക്കോട് പറഞ്ഞു. അതേ സമയം മദ്ധ്യപ്രദേശിലെ നേതാവ് കുന്ദൻ ചന്ദ്രാവത്തിനോട് യോജിപ്പില്ലെന്ന് ബിജെപി കേരള ഘടകം അറിയിച്ചു. ഇത് ബിജെപിയുടെ ശൈലിയല്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം പിണറായി വിജയന് എതിരായ കൊലവിളിയിൽ ശക്തമായ പ്രതിഷേധമാണ് കേരളത്തിൽ ഉയർന്ന് വരുന്നത്. വിവാദ പ്രസംഗം നടത്തിയ കുന്ദൻ ചന്ദ്രാവത്തിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആർഎസ്എസ് നേതാവിന്റെ കൊലവിളിക്ക് എതിരെ നവമാധ്യമലോകത്തും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ