കണ്ണൂര്‍: അയപ്പനില്‍ വിശ്വാസമുളള ആര്‍ക്കും ശബരിമലയില്‍ പോകാമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിൽ നടക്കുന്ന എൽ.ഡി.എഫ്. പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശബരിമല എല്ലാവരുടേയും ആണ്. അയ്യപ്പനില്‍ വിശ്വാസമുളള ആര്‍ക്കും പോകാം. ആര്‍എസ്എസും ബിജെപിയും പല പ്രചാരണങ്ങളും നടത്തുന്നുണ്ട്. ശബരിമലയ്ക്കായി സര്‍ക്കാര്‍ കാശ് ചെലവഴിക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കാശ് കൊടുത്തിട്ടുണ്ട്. 2016-17ല്‍ 133 കോടി രൂപ സര്‍ക്കാര്‍ കൊടുത്തു. 2017-18ല്‍ 702 കോടി രൂപ കൊടുത്തു. നമ്മുടെ നാട്ടില്‍ സംഘപരിവാര്‍ നുണപ്രചാരണം നടത്തുകയാണ്. ആര്‍ക്കും അവരോട് മത്സരിക്കാന്‍ പറ്റില്ല. അതിന്റെ മാസ്റ്റേഴ്സ് ആണ് അവര്‍ ജനങ്ങളെ ഭിന്നിപ്പിച്ച് അകറ്റി നിര്‍ത്താനാണ് സംഘപരിവാറിന്റെ ശ്രമം. ശബരിമലയില്‍ പണം ഭണ്ഡാരത്തില്‍ ഇടാന്‍ പാടില്ലെന്ന് പറയുന്ന ഇവര്‍ ഗുരുവായൂരില്‍ ഒരു സമരം നടത്തിരുന്നു. ഇവിടെ ആരും വരാന്‍ പാടില്ലെന്ന് പറഞ്ഞ് വേറൊരു ഭണ്ഡാരവും സ്ഥാപിച്ചു. അവസാനം അത് പൊളിഞ്ഞു. അവര്‍ പ്രത്യേക ഉദ്ദേശത്തോടെയാണ് ഇടപെടാറുളളത്,’ മുഖ്യമന്ത്രി പറഞ്ഞു.

‘സര്‍ക്കാര്‍ ശബരിമലയ്ക്ക് എതിരായി എന്തോ ചെയ്യുന്നു എന്നാണ് അവരുടെ പ്രചരണം. ശബരിമലയെ സംരക്ഷിക്കാന്‍ എന്ത് നിലപാടും സ്വീകരിക്കാനാണ് സര്‍ക്കാര്‍ നില കൊളളുന്നത്. അതിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇക്കാര്യത്തില്‍ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുകയാണ് സര്‍ക്കാര്‍. വിശ്വാസം ഉളളവര്‍ക്കും ഇല്ലാത്തവര്‍ക്കും അവരുടെ നിലയില്‍ ജീവിക്കാം. അതിനുളള അവകാശമാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. ഇപ്പോള്‍ ഉയര്‍ന്ന് വന്ന വിഷയം കോടതി വിധിയാണ്. കോടതിവിധി അനുസരിക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ്. ജനാധിപത്യ വിശ്വാസമുളളവര്‍ കോടതി വിധി അംഗീകരിക്കേണ്ടെന്ന് പറയില്ല. സുപ്രിംകോടതി വിധി വരും മുമ്പ് ഹൈക്കോടതി വിധി ഉണ്ടായിട്ടുണ്ട്. ഇനിവിടെ 10നും 50നും ഇടയിലുളള സ്ത്രീകള്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതിയാണ് പറഞ്ഞത്. ഇതിന് ശേഷം മാറി മാറി അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ ഒരേ നിലപാടാണ് സ്വീകരിച്ചത്. ഹൈക്കോടതി വിധി നടപ്പാക്കുന്ന നിലപാട്. സ്ത്രീകള്‍ക്ക് പ്രവേശനം വേണ്ടെന്ന നിലപാട് തന്നെയാണ് എടുത്തത്. ഈ വിധി 1991 ഏപ്രില്‍ 5നാണ് ഉണ്ടായത്. അതിന് ശേഷം സ്ത്രീകള്‍ കയറിയില്ല. സുപ്രിംകോടതിയുടെ വിധി വരുന്നത് വരെയുളള രണ്ട് വര്‍ഷക്കാലം ഇടതു സര്‍ക്കാര്‍ ഹൈക്കോടതി വിധി തന്നെയാണ് നടപ്പിലാക്കിയത്. സുപ്രിംകോടതി വിധി ഓര്‍ഡിനന്‍സിലൂടെ കേന്ദ്രത്തിന് മറി കടക്കാമല്ലോ. എന്തുകൊണ്ട് ചെയ്യുന്നില്ല. ഭരണഘടനാ മൂല്യങ്ങള്‍ പാലിക്കേണ്ടതില്ല എന്ന് പറഞ്ഞാണ് ഓര്‍ഡിനന്‍സ് കൊടുണ്ടുവരേണ്ടത്. എന്നാല്‍ അത് അംഗീകരിക്കാനാവില്ല. അത് സുപ്രിംകോടതിയുടെ മുമ്പില്‍ നിലനില്‍ക്കില്ല. പുരുഷന് തുല്യമായ അവകാശം സ്ത്രീക്കുണ്ടോ എന്ന പ്രശ്നമാണ് കോടതി കൈകാര്യം ചെയ്തത്. ഭരണഘടനയ്ക്ക് എതിരായാണ് സംഘപരിവാര്‍ ശബ്ദം ഉയര്‍ത്തുന്നത്. ചാതൂര്‍വര്‍ണ്യ വ്യവസ്ഥിതിയൊക്കെ തിരിച്ചുകൊണ്ടുവരാനാണ് അവരുടെ ഉദ്ദേശം. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണ്. ഏത് വിശ്വാസിയേയും സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്,’ പിണറായി കൂട്ടിച്ചേര്‍ത്തു.

‘ഏതെങ്കിലും ഒരു കൂട്ടരുടെ ആരാധനാലയം മാത്രമെ പാടുളളു എന്ന് ആരെങ്കിലും വിചാരിച്ചാല്‍ അത് ഇവിടെ നടക്കില്ല. നിലയ്ക്കലില്‍ തമ്പടിച്ച ഒരു കൂട്ടര്‍ വിശ്വാസികള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടിയതിനും കണക്കില്ല. കൈ കൊണ്ടും കാല് കൊണ്ടും മുട്ട് കൊണ്ടുളള പ്രയോഗവും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായി. കണ്ണൂരിലെ ഒരു നേതാവ് ആര്‍എസ്എസിലേക്ക് കാല് നീട്ടി നില്‍ക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ പിന്നില്‍ മൂര്‍ച്ചയുളള ആയുധം വെച്ച് ഭീഷണിയുണ്ടായി. അത് ഈ നേതാവില്‍ നിന്ന് കേട്ട് ചെയ്തതായിരിക്കും. ശബരിമല എന്നത് പവിത്രത നിലനില്‍ക്കേണ്ട സ്ഥലമാണ്. ശബരിമല സന്നിദാനത്ത് ഇങ്ങനെ ഒരു നെറികേട് ഒരു കൂട്ടര്‍ കാണിക്കുമെന്ന് സര്‍ക്കാര്‍ കരുതിയില്ല. ഇത് വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടിയുളള നടപടിയല്ല. നേതൃത്വം നല്‍കിയവര്‍ തന്നെ ഇപ്പോള്‍ അത് തുറന്നുപറഞ്ഞു. ശബരിമല കലാപഭൂമിയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണ്. ഇത് ഞങ്ങള്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളെ സംശയിച്ച വിശ്വാസികളുണ്ടാകാം. കാരണം വിശ്വാസത്തിന്റെ പേരില്‍ ചില ശുദ്ധാത്മാക്കള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. നമ്മുടെ നാട്ടില്‍ വിശ്വാസിയെന്നും അവിശ്വാസിയെന്നും പേരില്‍ നേരത്തേ ചേരിതിരിവ് ഉണ്ടായിട്ടില്ല. ഇവിടെ കാണേണ്ടത് ചില പ്രസ്ഥാനങ്ങളെ വിശ്വാസികള്‍ അല്ലാത്തവരായി മുദ്ര കുത്തുകയാണ്. ഇടതുപക്ഷക്കാരെ അകറ്റി നിര്‍ത്തണമെന്ന് പറയുന്ന ശൈലി ആരുടേതാണെന്ന് നമ്മള്‍ മനസ്സിലാക്കണം. മറ്റ് മതത്തിലുളള സ്വന്തം സഹപാഠിയെ പോലും മാറ്റി നിര്‍ത്താന്‍ പറയുന്ന തീവ്രവാദ സംഘടന ഉണ്ടായിട്ടുണ്ട്. അവരുടേതായ അജണ്ട കേരള സമൂഹത്തില്‍ നടപ്പാക്കാനാണ് അവര്‍ പുറപ്പെട്ടത്. വിശ്വാസികളുടെ കൂടെ സര്‍ക്കാരുണ്ട്. അതേസമയം വിശ്വാസം ഇല്ലാത്തവര്‍ക്ക് അവരുടെ വിശ്വാസത്തിലൂടെ ജീവിക്കാനുളള അവകാശവും ഈ നാട്ടിലുണ്ടായിരിക്കും’, പിണറായി വ്യക്തമാക്കി.

‘ശ്രീധരന്‍ പിളള നിയമജ്ഞനാണ്. കേസിലൊക്കെ ഹാജരാവുന്ന അഭിഭാഷകനാണ്. എന്താണ് കേരളത്തില്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ അജണ്ടയ്ക്ക് മുമ്പില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞെന്നാണ് അദ്ദേഹം പറഞ്ഞത്. അവസാനം അവശേഷിക്കുന്നത് നമ്മളും ഭരണകൂടവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പാര്‍ട്ടികളും മാത്രമാണെന്നും ശ്രീധരന്‍ പിളള പറയുന്നു. അപ്പോള്‍ കോണ്‍ഗ്രസ് എവിടെ. അവരുടെ അജണ്ട എന്താണെന്ന് മറയില്ലാതെ പറഞ്ഞുവെക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നാണ് പറഞ്ഞത്. ചരിത്രവിധി സ്വാഗതം ചെയ്യപ്പെടുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം സ്വാഗതം ചെയ്തെങ്കിലും പിന്നീട് കളം മാറ്റി ചവിട്ടി. സംഘപരിവാറിന്റെ അജണ്ടയ്ക്ക് അനുസരിച്ച് നീങ്ങി. അവരുടെ കൂട്ടത്തില്‍ ഒരു വിഭാഗം ആര്‍എസ്എസിന്റെ അനുമതിയോടെ കോണ്‍ഗ്രസില്‍ നില്‍ക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാമന്‍ നായര്‍ പോയത് കണ്ടില്ലെ. കോണ്‍ഗ്രസ് അണികളെ ആര്‍എസ്എസ് നേതൃത്വത്തിനൊപ്പം അണിനിരത്തുകയാണ് കോണ്‍ഗ്രസ് ചെയ്തത്. വിശ്വാസികള്‍ നടത്തിയ ഇടപെടലാണെന്നാണ് ഇവര്‍ നേരത്തേ പറഞ്ഞത്. എന്നാല്‍ ബിജെപിയാണ് ഇത് പദ്ധതി ഇട്ടതെന്നാണ് ശ്രീധരന്‍പിളള പറഞ്ഞത്. ബിജെപി രാഷ്ട്രീയമായി തീരുമാനിച്ച കാര്യമാണ് ശബരിമലയില്‍ നടന്നത്. അവരുടെ ശക്തി വര്‍ധിപ്പിക്കാനായി അവര്‍ സ്വീകരിച്ച തന്ത്രം. അതാണ് നടപ്പാക്കിയത്,’ മുഖ്യമന്ത്രി ആരോപിച്ചു.

‘സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ശബരിമലയിലെ പ്രശ്നത്തിന് എങ്ങനെയാണ് പരിഹാരം കാണേണ്ടി വരിക എന്ന് ആദ്യം ആലോചിക്കേണ്ടത് തന്ത്രിയോടും പന്തളം രാജകുടുംബത്തോടും ആണെന്ന് കരുതിയാണ് ഇവരെ ക്ഷണിച്ചത്. എന്നാല്‍ രണ്ടുകൂട്ടരും വന്നില്ല. അവര്‍ വരുമെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. ഇപ്പോഴാണ് അവര്‍ വരാതിരുന്നതിന്റെ കാരണം മനസ്സിലായത്. നേരത്തേ ഇത് അറിയാമായിരുന്നു. ഇപ്പോള്‍ സാക്ഷി തന്നെ ജനങ്ങളോട് പറയുകയാണ് തന്ത്രി എല്ലാ ഘട്ടത്തിലും തന്നോട് ആലോചിക്കാറുണ്ടെന്ന്. തന്ത്രി സമൂഹത്തിന് ബിജെപിയില്‍ ഇപ്പോള്‍ വിശ്വാസമുണ്ടെന്നാണ് പിളള പറഞ്ഞത്. ശബരിമലയില്‍ കലാപത്തിന് നേതൃത്വം നല്‍കുന്ന തന്നെയാണ് വിശ്വാസമെന്നും പറയുന്നത്. ഇക്കാര്യം വ്യക്തമാക്കേണ്ടത് തന്ത്രിയാണ്. തന്ത്രിയുടെ ഫോണില്‍ നിന്നല്ലാതെ മറ്റൊരാളുടെ ഫോണില്‍ നിന്ന് വിളിച്ചെന്നാണ് പറയുന്നത്. തന്ത്രി നിയമോപദേശം തേടിയെന്നും പറയുന്നു. പക്ഷെ തന്ത്രി ആരില്‍ നിന്നാണ് നിയമോപദേശം തേടേണ്ടത്. ശബരിമലയില്‍ തന്നെ അഭിഭാഷകനുണ്ട്. അല്ലെങ്കില്‍ ഹൈക്കോടതിയുടെ ചുമതലപ്പെട്ട വിരമിച്ച ജസ്റ്റിസുണ്ട്. അല്ലെങ്കില്‍ എ.ജിയുണ്ട്. അല്ലെങ്കില്‍ കേന്ദ്രത്തിന്റെ അറ്റോണി ജനറലുണ്ട്. പിന്നെ എന്തിനാണ് ഇവരെ സമീപിച്ചില്ല? ആ ഘട്ടത്തില്‍ രൂപം കൊണ്ട ഒരു പ്രത്യേക കൂട്ടുകെട്ടില്‍ തന്ത്രിയും ഭാഗമായില്ലെ? സാധാരണഗതിയില്‍ ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ശബരിമലയെ തകര്‍ക്കാന്‍ ഗൂഢാലോചന നടന്നെന്നാണ് ഇത് തെളിയിക്കുന്നത്. ശ്രീധരന്‍പിളളയുടെ ചെയ്തികളില്‍ ഒരു കൂട്ടുകാരനായി തന്ത്രിയേയും കൂട്ടിയിരിക്കുകയാണ്. തന്ത്രിയാണ് ഇക്കാര്യത്തില്‍ വിശദീകരണം പറയേണ്ടത്. നിങ്ങള്‍ കുറച്ച് ആളുകളെ കൂട്ടി ബഹളം വെച്ചാല്‍ കേരളത്തിന്റെ മതനിരപേക്ഷ മനസ്സിന് ഒന്നും പറ്റില്ല. ദൃഢമാണത്. നിങ്ങള്‍ കെട്ടിപ്പൊക്കുന്ന ഓരോ നുണയും പൊളിയുകയാണ്. കേരളത്തിന്റെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കും. വിശ്വാസികളോടൊപ്പം സര്‍ക്കാരുണ്ടാകും,’ പിണറായി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.