തിരുവനന്തപുരം: സംസ്ഥാനം ക്രമസമാധാന തകര്‍ച്ചയെ നേരിടുമ്പോള്‍ ആഭ്യന്തര മന്ത്രി മൗനം പാലിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിയുടെ ഈ സമീപനം നിഷേധാത്മകമാണ്. മൗനിയായ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ ജനാധിപത്യമല്ല ഗുണ്ടാരാജാണ് നടമാടുന്നത്. കൊല്ലം കടയ്ക്കലിലെ ബിജെപി പ്രവർത്തകന്‍റെ കൊലപാതകവും പ്രമുഖ നടിയെ തട്ടികൊണ്ടുപോയ സംഭവവും ഇതിന്‍റെ ഒടുവിലത്തെ തെളിവുകളാണ്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിനു ശേഷവും ആയുധം താഴെവയ്ക്കാൻ തയാറാകാത്ത സിപിഎം സമൂഹത്തെ അരാജകത്വത്തിലേക്ക് വലിച്ചിഴക്കുകയാണ്. സമാധാന ശ്രമങ്ങളെ തുരങ്കം വയ്ക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. ഇവരെ ഒറ്റപ്പെടുത്താൻ തയാറാകണം.

കടയ്ക്കലിൽ നിരപരാധിയായ രവീന്ദ്രനാഥിനെ പൊലീസിന്‍റെ മുന്നിലിട്ടാണ് മർദ്ദിച്ചത്. പൊലീസ് ഇടപെട്ടിരുന്നുവെങ്കിൽ മുൻ സബ്ഇൻസ്പെക്ടർ കൂടിയായ അദ്ദേഹത്തെ രക്ഷിക്കാമായിരുന്നു. മുൻ സഹപ്രവർത്തകനെ രക്ഷിക്കാൻ പോലും പൊലീസ് തയാറാകാത്തത് അവർ മറ്റാരുടേയോ ആജ്‍ഞ അനുസരിക്കുന്നത് കൊണ്ടാണ്. പൊലീസിന് മേലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായിരിക്കുന്നു.

സ്ത്രീകൾക്കും പട്ടിക ജാതിക്കാർക്കുമെതിരെ പീഡനങ്ങൾ സംസ്ഥാനത്ത് വർധിച്ചുവരികയാണ്. സ്ത്രീകൾക്കെതിരായ അക്രമങ്ങളുടെ അവസാന ഇരയാണ് ഇന്നലെ രാത്രിയിൽ തട്ടിക്കൊണ്ടുപോകലിന് വിധേയയായ നടി. പ്രമുഖ വ്യക്തികള്‍ക്ക് പോലും സുരക്ഷയില്ലാത്ത നാടായി കേരളം മാറി. ഗുണ്ടകളും സിപിഎം നേതാക്കളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് കടുത്ത നടപടികളിൽ നിന്ന് പൊലീസിനെ പിന്തിരിപ്പിക്കുന്നത്. ഗുണ്ടകളുടെ സംരക്ഷകരായി ഭരണ വർഗ്ഗം മാറിയിരിക്കുകയാണ്.

വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു മാസത്തിനിടെ 600 എഫ് ഐ ആറുകളാണ് റജിസ്റ്റർ ചെയത്‌ത്. എന്നാൽ ഭൂരിഭാഗം കേസുകളിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പാലക്കാടും തൃശൂരും നടന്ന കൊലപാതകങ്ങളില്‍ പോലും പ്രതികളെ കണ്ടെത്താന്‍ പൊലീസിനായില്ല- കുമ്മനം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ