ന്യൂഡൽഹി: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. മുഖ്യമന്ത്രിക്ക് സഞ്ചരിക്കുന്നതിനായി ബുളളറ്റ് പ്രൂഫ് കാർ നൽകി. ജാമർ ഘടിപ്പിച്ച വാഹനവും നാല് കമാൻഡോകളടക്കം 15 ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തി. ഇതിനൊപ്പം കേരള പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷയ്ക്കായുണ്ട്.

പൊളിറ്റ് ബ്യൂറോ യോഗത്തിനായാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്. അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിക്ക് വധഭീഷണിയുണ്ടായിരുന്നു. മുഖ്യമന്ത്രിയെ വകവരുത്തുമെന്നും മഞ്ചിക്കണ്ടിക്ക് പകരം ചോദിക്കുമെന്നുമുളള മാവോവാദി അര്‍ബന്‍ വിഭാഗത്തിന്റെ കത്ത് വടകര പൊലീസ് സ്റ്റേഷനിലാണ് ലഭിച്ചത്. ഇതേത്തുടർന്ന് കേരളത്തിൽ മുഖ്യമന്ത്രിക്ക് സുരക്ഷ വർധിപ്പിച്ചിരുന്നു.

Read Also: മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ: അന്വേഷണം വേണമെന്ന് ഹൈക്കോടതി

അട്ടപ്പാടി മേലേ മഞ്ചിക്കണ്ടി വനത്തിൽ കേരള പൊലീസിലെ തണ്ടർബോൾട്ട് സേനയുമായുള്ള ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. മണിവാസകം (അപ്പു), രമ, അരവിന്ദ്, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. പശ്ചിമഘട്ട മേഖലയിൽ പ്രവർത്തിക്കുന്ന സിപിഐ (മാവോയിസ്റ്റ്) ഭവാനിദളം സൗത്ത് സോൺ കമ്മിറ്റിയിലെ മുതിർന്ന നേതാവായിരുന്നു മണിവാസകം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.