തിരുവനന്തപുരം: മംഗളുരുവില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടര്‍മാരെ കസ്റ്റഡിയില്‍നിന്ന് വിട്ടയക്കുന്നത് ഉറപ്പാക്കാന്‍ ഡിജിപി കര്‍ണാടക പൊലീസുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ അക്രമകാരികളായും അവരുടെ വാര്‍ത്താ ശേഖരണ ഉപകരണങ്ങളെ മാരകായുധങ്ങളായും ചിത്രീകരിച്ചുള്ള പ്രചരണങ്ങളെ ശക്തമായി അപലപിക്കുന്നു. മാധ്യമസ്വാതന്ത്ര്യത്തിനു നേരയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവമാണ്. അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അക്രഡിറ്റേഷനില്ലെന്ന കാരണം പറഞ്ഞാണ് ഏഷ്യാനെറ്റ്, 24 ന്യൂസ്, മീഡിയ വണ്‍, ന്യൂസ് 18 എന്നീ ദൃശ്യമാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകരെ മംഗളുരു പൊലീസ് ഇന്നു രാവിലെ കസ്റ്റഡിയിലെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ അതതു സ്ഥാപനങ്ങള്‍ നല്‍കിയ ഐഡന്റി കാര്‍ഡ് കാണിച്ചിട്ടും ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read Also: കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു, മംഗളൂരുവിൽ മലയാളി മാധ്യമപ്രവർത്തകർ കസ്റ്റഡിയിൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ മംഗളൂരുവില്‍ കഴിഞ്ഞദിവസമുണ്ടായ പൊലീസ് വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു കേരളത്തില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിങ്ങിനായി മംഗളൂരുവിലെത്തിയത്.

വെടിവയ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങളുള്ള മംഗളൂരുവെന്റ് ലോക്ക് ആശുപത്രിക്കു മുന്‍പില്‍നിന്നാണു വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്മാരും അടക്കമുള്ള സംലത്തെ കസ്റ്റഡിയിലെടുത്തത്. റിപ്പോര്‍ട്ട് ചെയ്യരുതെന്നും ക്യാമറ ഓഫ് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

കസ്റ്റഡിയിലെടുത്തത് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന ആയുധങ്ങളുമായി കേരളത്തില്‍നിന്നെത്തിയ അമ്പതോളം പേരുടെ സംഘത്തെയാണെന്ന പ്രചാരണം ഒരു വിഭാഗം കന്നഡ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു. ഒരു മലയാള മാധ്യമവും ഇതേ തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ കന്നഡ മാധ്യമങ്ങള്‍ പിന്നീട് തെറ്റായ വാര്‍ത്ത തിരുത്തി.

കേരളത്തില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണു മംഗലാപുരം പൊലീസ് നല്‍കിയ വിശദീകരണം. മാധ്യമപ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നാണു മംഗലാപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞത്. അതേസമയം, വിഷയം കര്‍ണാടക ഡിജിപിയുമായി സംസാരിച്ചതായും ഇവരെ കേരളത്തിലേക്കു തിരിച്ചയയ്ക്കുമെന്ന ഉറപ്പു ലഭിച്ചതായും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.