തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണി പൂർണമായും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അച്ചടക്കത്തിന്റെ പേരിൽ മനുഷ്യാവകാശം ലംഘിക്കുന്ന ഒരു പ്രവർത്തനവും അനുവദിക്കില്ല. ഇത് ലംഘിക്കുന്നത് ഏതു ഉന്നത ഉദ്യോഗസ്ഥനായാലും കർശന നടപടിയെടുക്കുമെന്നും പിണറായി നിയമസഭയിൽ പറഞ്ഞു.

ദാസ്യപ്പണി കാലാകാലങ്ങളായി നിലനിൽക്കുന്നു. ബ്രിട്ടീഷ് കാലത്തെ ജീർണ സംസ്കാരം തുടരുന്നത് ദൗർഭാഗ്യകരമാണ്. പൊലീസ് ഒരു അച്ചടക്ക സേനയാണ്. ഇതിന്റെ പേരിൽ മനുഷ്യാവകാശ ധ്വംസനം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിമപ്പണിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പോരെന്നും പ്രത്യേക അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷിക്കുന്നതെന്നും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കുമെന്നും പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി മറുപടി നൽകി.

എഡിജിപി സുദേഷ് കുമാറിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ ഗവാസ്‌കർ എഡിജിപിയുടെ മകൾ മർദ്ദിച്ചതായി പരാതി നൽകിയതോടെയാണ് ദാസ്യപ്പണിയെക്കുറിച്ചുളള വിവരങ്ങൾ പുറത്തുവന്നത്. എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ ഗവാസ്കർ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുന്ന സമയത്ത് വാഹനത്തിലിരുന്ന് മകൾ സ്‌നികത അസഭ്യം പറഞ്ഞു. ഇതിനെ എതിർത്തതോടെ എഡിജിപിയുടെ മകൾ മൊബൈൽ ഫോണുപയോഗിച്ച് കഴുത്തിന് പുറകിലിടിച്ചെന്നാണ് ഗവാസ്കർ പരാതി നൽകിയത്.

എഡിജിപിയുടെ വീട്ടിൽ നടക്കുന്നത് നഗ്നമായ മനുഷ്യത്വ ലംഘനമാണെന്നും ഗവാസ്കർ ആരോപിച്ചിരുന്നു. പട്ടിയെ പരിശീലിപ്പിക്കാൻ വിസമ്മതിച്ച പൊലീസുകാരനെ കാസർകോടിലേക്ക് സ്ഥലം മാറ്റി. മകളെ നോക്കി ചിരിച്ചതിന് അഞ്ചു പൊലീസുകാരെ നല്ല നടപ്പിന് അയച്ചു. തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും ഗവാസ്‌കർ പറഞ്ഞു.

എഡിജിപി സുദേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ നടപടിയെടുത്തിരുന്നു. ആംഡ് പൊലീസ് ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്നും സുദേഷ് കുമാറിനെ മാറ്റി. എഡിജിപി ആനന്ദകൃഷ്‌ണന് പകരം ചുമതല നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.