പാലക്കാട്: പൊലീസ് വിനയത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർത്തവ്യനിർവഹണത്തിൽ കാർക്കശ്യം പുലർത്തണം. ആരുടേയും അന്തസിനെ ഹനിക്കാനോ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനോ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിന് മാനുഷിക മുഖം നല്‍കാനുള്ള നടപികള്‍ സ്വീകരിച്ചുവരികയാണ്. സേനയുടെ അംഗബലം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് മുട്ടിക്കുളങ്ങര കേരള ആര്‍മ്‌‍‍ഡ് പൊലീസ് സെക്കന്‍ഡ് ബെറ്റാലിയന്‍ പാസിങ് ഔട്ട്പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസിലെ മൂന്നാം മുറയും അഴിമതിയും വച്ചുപൊറിപ്പിക്കില്ലെന്നും പരാതി ലഭിച്ചാൽ ഉടൻ നടപടിയെടുക്കുമെന്നും നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.പൊലീസ് സേനയിലെ ചിലർ അഴിമതിക്ക് കൂട്ടുനിൽക്കുന്നുണ്ട്. പൊലീസിന്റെ മനസ്സ് ജനങ്ങൾക്കൊപ്പമാകണം. കഴിവിലും കാര്യക്ഷമതയിലും മുൻപന്തിയിലാണ് കേരള പൊലീസ്. എന്നാൽ ചിലർക്കെതിരെ പരാതികളുണ്ട്. അവർ കേരള പൊലീസിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. പൊലീസ് സേനയില്‍ വനിതാപ്രാതിനിധ്യം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ