scorecardresearch
Latest News

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ല, പ്രക്ഷോഭങ്ങൾക്ക് സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി

സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള ഭൂഅതിര്‍ത്തി നിര്‍ണ്ണയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഇത് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനമല്ല. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്

silverline, pinarayi vijayan, ie malayalam

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ റോജി എം.ജോണിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്‍റെ പശ്ചാത്തലസൗകര്യ വികസനത്തില്‍ വന്‍കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് സിൽവർ ലൈൻ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇത് സമ്പദ്ഘടനയ്ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളര്‍ച്ചയ്ക്കും നല്‍കുന്ന സംഭാവന ചെറുതല്ല. പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഡി.പി.ആര്‍ അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഡി.പി.ആര്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം ലഭിച്ചതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള ഭൂഅതിര്‍ത്തി നിര്‍ണ്ണയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഇത് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനമല്ല. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ പല ആവര്‍ത്തി വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി ലഭ്യമായിട്ടില്ലാത്തതിനാലാണ് റവന്യൂ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തിരിച്ചുവിളിച്ചത്. ഇവരെ മറ്റ് പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാൻ തത്ക്കാലം പുനര്‍വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പദ്ധതി നിർത്തിവച്ചുവെന്ന പ്രചാരണത്തിനായി ഇത് ഉപയോഗിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തെ തടസപ്പെടുത്തിയതിനാണ് കേസുകള്‍ എടുത്തത്. ഈ കേസുകൾ പിന്‍വലിക്കുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്‍റെ വികസനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് സർക്കാർ വഴങ്ങില്ല. സിൽവർലൈൻ പ്രക്ഷോഭം വിജയിച്ചാൽ അത് നാടിന്‍റെ പരാജയമാണെന്ന് പ്രതിപക്ഷം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ പൂർണമായും മരവിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പാണ് പുറത്തിറക്കിയത്. ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചു വിളിച്ചു. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് നിയോഗിച്ചത്. റെയിവേ ബോർഡിൽനിന്നുള്ള അനുമതി ലഭിച്ചശേഷം മാത്രം മതി തുടർനടപടികളെന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവിലുള്ളത്. സാമൂഹികാഘാത പഠനം തല്‍ക്കാലം നടത്തേണ്ടതില്ലെന്നും ഉത്തരവിലുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pinarayi vijayan says goverment have not abandoned silverline project in legislative assembly