തിരുവല്ല: കിഫ്ബി വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് കിഫ്ബി പ്രവർത്തിക്കുന്നത്. കനേഡിയൻ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സിഡിപിക്യു. 21 ലക്ഷം കോടി രൂപ ആസ്തിയുളള വലിയ കമ്പനിയാണിത്. പലിശയടക്കം റിസർവ് ബാങ്കുമായി ആലോചിച്ചാണ് തീരുമാനമെടുത്ത്. പലിശ നിരക്ക് കുറച്ചാണ് കിഫ്ബിക്ക് പണം ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ വികസനത്തിനുവേണ്ടിയാണ് മസാല ബോണ്ടിലെ ഫണ്ട് ഉപോഗിക്കുന്നത്. വികസനം തടയുകയാണ് പ്രതിപക്ഷ ലക്ഷ്യം. അതിൽ പ്രതിപക്ഷ നേതാവും ബിജെപിയും ഒന്നിച്ചാണ്. എന്ത് വിവാദമുണ്ടാക്കിയാലും വികസനം തടയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടുകളിൽ നല്ലൊരു പങ്കും വാങ്ങിയത് എസ്എൻസി ലാവലിൽ 20 ശതമാനം ഓഹരി പങ്കാളിത്തമുളള സിഡിപിക്യു എന്ന സ്ഥാപനമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. എന്നാൽ ഈ ആരോപണം കിഫ്ബി അധികൃതർ നിഷേധിച്ചിരുന്നു.
Read: പതിനേഴ് വർഷം; പിണറായി അതിജീവിച്ച എസ്എൻസി ലാവ്ലിൻ കേസിന്റെ നാൾവഴി
പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനുള്ള കരാര്‍, കനേഡിയന്‍ കന്പനിയായ എസ്.എന്‍.സി ലാവ്ലിന് നല്‍കിയിരുന്നു. ഈ കരാർ വിവാദമാവുകയും സിബിഐ കേസെടുക്കുകയും ചെയ്തിരുന്നു. ഈ കമ്പനിയുമായി സർക്കാർ വീണ്ടും ഇടപാട് നടത്തിയെന്നാണ് പ്രതിപക്ഷ ചെന്നിത്തല ആരോപിച്ചത്.