തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങള്‍ വീണ്ടും തള്ളി മുഖ്യമന്ത്രി. ആരോപണങ്ങളില്‍ സര്‍ക്കാരിനു യാതൊരു പങ്കുമില്ല. ഉപ്പുതിന്നവര്‍ ആരാണോ അവര്‍ വെള്ളം കുടിക്കുമെന്നും ഒരു കുറ്റവാളിയെയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് പൊതുസമൂഹത്തില്‍ തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ കെട്ടുകഥയും പൊളിഞ്ഞു. തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പുകമറ സൃഷ്ടിച്ച് സര്‍ക്കാരിനെ തളര്‍ത്തിക്കളയാമെന്ന് ആരെങ്കിലും കരുതുന്നുണ്ടാവും. അവര്‍ക്കു തെറ്റി.
ആരോപണങ്ങളുമായി സര്‍ക്കാരിന് ഒരു ബന്ധവുമില്ല. ഇത്തരത്തിലുള്ള ഏതെങ്കിലും ആളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിലപാടെടുക്കില്ല. കള്ളക്കടത്ത് തടയാന്‍ നിയോഗിക്കപ്പെട്ട കസ്റ്റംസാണ് ക്രമക്കേട് കണ്ടെത്തേണ്ടത്.
കസ്റ്റംസിനാവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. ഏത് അന്വേഷണമായാലും സംസ്ഥാനസര്‍ക്കാരിനു പൂര്‍ണ സമ്മതമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിക്കല്ല, യുഎഇ കോണ്‍സുലേറ്റിലേക്കാണു പാഴ്‌സല്‍ വന്നത് കോണ്‍സുലേറ്റിന്റെ അധികാരപത്രം ഹാജരാക്കിയാണ് പാര്‍സല്‍ വാങ്ങാനെത്തിയതെന്നാണ് അറിയുന്നത്. ഇതില്‍ സംഭവിച്ച വീഴ്ചയില്‍ സര്‍ക്കാരിന് എങ്ങനെ മറുപടി പറയാനാവും? സംസ്ഥാനസര്‍ക്കാരിന്റെ ഏതുറോളാണ് ഇവിടെ വരുന്നത്?
കേസിലെ വിവാദവനിതയ്ക്കു മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ല. ഐടി വകുപ്പുമായും നേരിട്ടൊരു ബന്ധവുമില്ല. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് എം. ശിവശങ്കറിനെ മാറ്റിയതിന്റെ അര്‍ഥം അദ്ദേഹത്തിനെതിരെ നിയമപരമായ ആരോപണമുയര്‍ന്നു എന്നല്ല. അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ വനിതയുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അത്തരമൊരു വ്യക്തി മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി തുടരുന്നത് ശരിയല്ല എന്നു തോന്നിയതുകൊണ്ടാണ് അദ്ദേഹത്തെ മാറ്റിയത്. യുഡിഎഫിന് ചിന്തിക്കാന്‍ പറ്റുമോ ഇങ്ങനെയാരു കാര്യം?
സ്വപ്‌നയെ ജോലിക്കെടുത്തതില്‍ സര്‍ക്കാരിനു പങ്കില്ല. ഐടി വകുപ്പിനു കീഴില്‍ നിരവധി പ്രൊജക്ടുകളുണ്ട്. അതിന്റെ കീഴില്‍ സ്പേസ് സെല്ലിങ് അഥവാ മാര്‍ക്കറ്റിങ് ചുമതലയാണ് സ്വപ്‌നയ്ക്കുണ്ടായിരുന്നത്. സ്വപ്നയെ ജോലിക്കെടുത്തത് പ്രൊജക്ട് മാനേജ്‌മെന്റ് നേരിട്ടല്ല, പ്ലേസ്‌മെന്റ് ഏജന്‍സി വഴിയാണ്. കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇത്തരം പ്രൊജക്ടുകളില്‍ താല്‍കാലികനിയമനം നടത്തുന്നതില്‍ അസ്വാഭാവികതയില്ല.
സ്വപ്‌നയുടെ നിയമനത്തിന് യുഎഇ കോണ്‍സുലേറ്റിലെയും എയര്‍ ഇന്ത്യ സാറ്റിലെയും സ്വപ്നയുടെ പ്രവര്‍ത്തനപരിചയം കണക്കാക്കിയിട്ടുണ്ടാവും. കോണ്‍സുലേറ്റ്, എയര്‍ ഇന്ത്യ നിയമനങ്ങള്‍ ഏതെങ്കിലും ശിപാര്‍ശ കൊണ്ടാണോ എന്നറിയില്ല. സ്വപ്ന നിര്‍വഹിച്ച ചുമതലയെക്കുറിച്ച് സര്‍ക്കാരിനു പരാതികളൊന്നും ലഭിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരമല്ല സ്വപ്ന കോണ്‍സുലേറ്റിലും എയര്‍ ഇന്ത്യ സാറ്റിലും ജോലിചെയ്തത്. കോണ്‍സുലേറ്റ് പ്രതിനിധിയായി അവര്‍ തലസ്ഥാനത്ത് നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഇത്തരത്തില്‍, ഒരു ഇഫ്താര്‍ പാര്‍ട്ടിയില്‍ അവര്‍ പങ്കെടുത്ത ദൃശ്യത്തോടൊപ്പം മറ്റൊന്ന് കൂട്ടിച്ചേര്‍ത്ത് മുഖ്യമന്ത്രിയോട് സ്വകാര്യം പറയുന്ന മട്ടില്‍ ചിലര്‍ വ്യാജ വാര്‍ത്ത നല്‍കി.
സ്വപ്‌നയുടെ മുന്‍കാല ജോലിയുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് ഒരു സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. കേസില്‍ ഇവരെ പ്രതിചേര്‍ക്കാമെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളത്. നിക്ഷ്പക്ഷമായ റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് നല്‍കിയത്. ഇതില്‍ സര്‍ക്കാരിന് എന്തെങ്കിലും താല്‍പ്പര്യമുണ്ടായെന്ന് ആര്‍ക്കും പറയാനാവില്ല. ഒരു കുറ്റവാളിയെയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളെ സോളാര്‍ കേസിനോട് താരതമ്യപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്ന ചെളിയില്‍ മുങ്ങിക്കിടക്കുന്നവര്‍ക്ക് മറ്റുള്ളവരും അങ്ങനെയാവണമെന്ന് ആഗ്രഹമുണ്ടാകും. അത്തരം കളരിയിലല്ല ഞങ്ങള്‍ പഠിച്ചത്. ഉന്നതമായ മൂല്യങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.