ന്യൂഡൽഹി: കേന്ദ്ര മന്ത്രിയായതുകൊണ്ട് എന്തെങ്കിലും വിളിച്ചു പറയാൻ കഴിയില്ലെന്നും കാര്യങ്ങൾ മനസ്സിലാക്കാൻ അദ്ദേഹം ശ്രമിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് കോച്ച് ഫാക്‌ടറിയുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്‌താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതി ഉപേക്ഷിച്ചില്ല എന്ന് കേന്ദ്ര മന്ത്രി പറഞ്ഞതു കൊണ്ടു മാത്രമായില്ലെന്നും പ്രാവര്‍ത്തികമാക്കേണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും സ്ഥലമേറ്റെടുപ്പിലും സർക്കാർ വിമുഖത കാണിക്കുന്നുവെന്നും പീയുഷ് ഗോയൽ ആരോപിച്ചിരുന്നു. ”കേന്ദ്രമന്ത്രിയുടെ ഈ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിച്ചിട്ടുണ്ട്. ഇനിയും തെറ്റിദ്ധാരണ ആവർത്തിക്കുകയാണെങ്കിൽ അത് മനഃപൂർവ്വമാണെന്ന് പറയേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആകാശത്തു കൂടി ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ലെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ മറുപടി വിടുവായത്തമെന്നും” പിണറായി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പിയൂഷ് ഗോയല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ആകാശത്തുകൂടി ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ലെന്നും റെയിൽവേ വികസനത്തിന് തടസ്സം സ്ഥലമേറ്റെടുപ്പാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു.

അതേസമയം, പീയുഷ് ഗോയലിന്റെ പ്രസ്‌താവനയ്‌ക്കെതിരെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും പ്രതികരിച്ചിരുന്നു. ആകാശത്ത് കൂടി റെയില്‍വേ പണിയണോ എന്ന കേന്ദ്രമന്ത്രിയുടെ ചോദ്യം കേരളത്തോട് വേണ്ട എന്നായിരുന്നു സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ