തിരുവനന്തപുരം: ടി.പി.സെന്‍കുമാറിന്റെ പുനര്‍നിയമനം നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി അന്തിമമാണ്. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്. അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം ലഭിച്ചത് ഇന്നലെയാണ്. കോടതി വിധിയനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെന്‍കുമാറിന്റെ പുനര്‍ നിയമനം വൈകുന്നതിനെതിരെ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

സെൻകുമാറിനെ ചട്ടവിരുദ്ധമായി നിയമിച്ചത് മുൻ സർക്കാരാണ്. ചട്ടവിരുദ്ധമായി നിയമനം നടത്തിയത് സീനിയറായ ഒരാളെ ഒഴിവാക്കാനാണ്. ഇക്കാര്യമാണ് സുപ്രീംകോടതി വിധിയിൽ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം തിരഞ്ഞെടുത്തത് പരിതാപകരമായ വിഷയം. ഇതിലൂടെ പ്രതിഫലിച്ചത് വിഷയത്തിന്റെ ഗൗരവമില്ലായ്മയെന്നും പിണറായി പറഞ്ഞു.

അതേസമയം, ഡിവിഷൻ ബെഞ്ച് വിധി നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഡിജിപി ആരെന്ന് മുഖ്യമന്ത്രിക്ക് പറയാൻ കഴിയാത്തത് ലജ്ജാകരമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒരാഴ്ചയായി ഡിജിപിയില്ലാത്ത അവസ്ഥയെന്ന് എം.ഉമ്മര്‍ എംഎല്‍എ പറഞ്ഞു. സെന്‍കുമാറിന്റെ നിയമനം സർക്കാർ മനഃപൂര്‍വം വൈകിക്കുകയാണെന്നും എം.ഉമ്മര്‍ ആരോപിച്ചു.

അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോയി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ