തിരുവനന്തപുരം: ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്‌ദരാക്കാൻ ശ്രമിക്കുന്ന സാഹചര്യങ്ങളാണ് രാജ്യത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം വെല്ലുവിളികൾക്ക് മുൻപിൽ ഇന്ത്യ മുട്ടുകുത്തില്ലെന്നും ആരും നിശബ്‌ദരാകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിനാലാമാത് രാജ്യാന്തരചലചിത്രമേളയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനു വെടിയേറ്റപ്പോള്‍ അർജന്റീനിയൻ സംവിധായകനായ ഫെർണാണ്ടോ സൊളാനസ് പറഞ്ഞതും ഇതുതന്നെയാണ്. ഗൗരി ലങ്കേഷ്, നരേന്ദ്ര ധാബോല്‍ക്കര്‍, കല്‍ബുര്‍ഗി തുടങ്ങിയവർ കൊല ചെയ്യപ്പെട്ട നമ്മുടെ രാഷ്ട്രീയ അന്തരീക്ഷത്തിൽ സൊളാനസിന്റെ സാന്നിധ്യം ഊർജ്ജം നൽകുന്നതാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Read Also: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: കണ്ണന്‍ ഗോപിനാഥനെ അറസ്റ്റ് ചെയ്തു

സ്വതന്ത്രമായി ശ്വസിക്കാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഏകയിടം കേരളമാണ്. പ്രകാശ് രാജിനെപ്പോലുള്ളവർ അത് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും മര്‍ദിതർക്കും പീഡിതര്‍ക്കുമൊപ്പമാണ് കേരളത്തിന്റെ മേള എക്കാലത്തും നിലകൊണ്ടിട്ടുളളത്. നമ്മുടെ സാംസ്‌കാരിക പോരാട്ടമാണ് ഈ ചലച്ചിത്ര മേള. അതിന് അടിവരയിട്ടുകൊണ്ടാണ് സൊളാനസിന് ആജീവനാന്ത പുരസ്‌കാരം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഫെര്‍ണാന്‍ഡോ സൊളാനസിന് മുഖ്യമന്ത്രി ആജീവനാന്ത പുരസ്‌കാരം സമ്മാനിച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി. മന്ത്രി എ.കെ.ബാലൻ അധ്യക്ഷനായ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായിരുന്നു. മേയർ കെ ശ്രീകുമാർ, കെറ്റിഡിസി ചെയർമാൻ എം വിജയകുമാർ, അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർ പേഴ്‌സൺ ബീനപോൾ, സെക്രട്ടറി മഹേഷ് പഞ്ചു, റാണി ജോർജ് ഐഎഎസ് തുടങ്ങിയവർ പങ്കെടുത്തു.

പൗരത്വ ഭേദഗതി നിയമം കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റേത് കരിനിയമമാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.