തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല തരംഗം ഉണ്ടാകുമെന്ന അഭിപ്രായ സർവ്വേകളെ തളളി മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിക്കാനായി പ്രമുഖ മാധ്യമങ്ങളെ വിലയ്ക്കെടുക്കാനുളള ശ്രമം നടക്കാറുണ്ട്. അതിൽ മുന്നിൽ ബിജെപിയും കോൺഗ്രസുമാണ്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പുറത്തുവരുന്ന സർവ്വേ അത്തരത്തിൽ കണക്കാക്കിയാൽ മതി. നാടിന്റെ യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് സർവ്വേകളിൽ വരുന്നത്. തോൽക്കാൻ പോകുന്നവർക്ക് ഉത്തേജനം നൽകാനുളള ശ്രമമാണ് ഈ സർവ്വേകൾ. താഴെ വീണവർ സർവ്വേകളിലൂടെ മുകളിലേക്ക് വരില്ല. 2014 നേക്കാൾ വൻ വിജയം എൽഡിഎഫിന് കേരളം നൽകാൻ പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read: രാഹുൽ ഗാന്ധി തോൽപ്പിക്കാൻ നോക്കുന്നത് വർഗീയതെക്കെതിരെ മുന്നിലുള്ള ഇടതുപക്ഷത്തെ: പിണറായി വിജയൻ
കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് ടൈംസ് നൗ-വിഎംആർ പ്രീപോൾ അഭിപ്രായ സർവ്വേ ഫലം. 20 ൽ 17 സീറ്റിൽ യുഡിഎഫും രണ്ടു സീറ്റിൽ എൽഡിഎഫും ഒരു സീറ്റിൽ എൻഡിഎയും വിജയിക്കും. വയനാട്ടില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം പാര്‍ട്ടിയുടെ വിജയത്തിന് ഏറെ സഹായകമാകുമെന്നും അഭിപ്രായ സർവ്വേയിൽ പറയുന്നു.
കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം
കേരളത്തിൽ യുഡിഎഫ് നേട്ടം കൊയ്യുമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നുമായിരുന്നു ഇന്ത്യടിവി-സിഎന്‍എക്സ് 2019 അഭിപ്രായ സര്‍വ്വേ ഫലം. ആകെയുള്ള ഇരുപത് സീറ്റില്‍ പന്ത്രണ്ടും യുഡിഎഫ് ജയിക്കും. കോണ്‍ഗ്രസ് എട്ട് സീറ്റുകളും മുസ്ലിം ലീഗ് രണ്ട് സീറ്റുകളും ജയിക്കും. കേരള കോണ്‍ഗ്രസ് എം, ആര്‍എസ്പി എന്നീ യുഡിഎഫ് ഘടകക്ഷികള്‍ ഒരോ സീറ്റ് വീതം ജയിക്കുമെന്നും ബിജെപി ഒരു സീറ്റും രണ്ട് സ്വതന്ത്രര്‍ ഓരോ സീറ്റുകളും ജയിക്കുമെന്നും സർവ്വേ പറയുന്നു. സിപിഎമ്മിന് അഞ്ച് സീറ്റുകൾ ലഭിക്കുമെന്നാണ് അഭിപ്രായ സർവ്വേ പറയുന്നത്.