കണ്ണൂര്‍: മദ്യപിക്കാൻ വിളിക്കുന്നവരോട് അത് വേണ്ടെന്ന് പറയാൻ കഴിഞ്ഞാലോ മദ്യം ഒഴിവാക്കാൻ സാധിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രണ്ണൻ കോളേജിൽ പഠിച്ചിരുന്ന കാലത്ത് തന്നെ സുഹൃത്തുക്കള്‍ മദ്യപിക്കാൻ വിളിച്ചിരുന്നുവെന്നും എന്നാൽ അന്ന് തനിക്ക് വേണ്ടെന്ന് പറയാൻ കഴിഞ്ഞെന്നും പിണറായി പറഞ്ഞു. വിദ്യാലയങ്ങളെ ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ടെന്നും കുട്ടികൾ അതിന് അടിമപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി മാഫിയക്ക് പെൺകുട്ടികളും അടിമയാകുന്നുണ്ടെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Read More: ‘കൊലപാതക കാരണങ്ങൾ പലപ്പോഴും രാഷ്ട്രീയത്തിനുമപ്പുറം’

ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘ബ്രണ്ണൻ കോളേജിന്‍റെ പിന്നിൽ ഒരു കാട് ഉണ്ടായിരുന്നു. അവിടെ ഇരുന്ന് മദ്യപിക്കാറുള്ള എന്‍റെ കൂട്ടുകാർ എന്നെയും വിളിച്ച് കൊണ്ട് പോയി. വേണ്ടെന്ന് പറയാൻ കഴിഞ്ഞാലെ നമുക്ക് അത് ഒഴിവാക്കാനാകൂ. എനിക്കത് പറയാൻ കഴിഞ്ഞു. അതാവണം നിങ്ങൾ”,’മുഖ്യമന്ത്രി പറഞ്ഞു.

പിണറായി യുപി സ്‌കൂളിലും, പെരളശ്ശേരി ഹൈസ്‌കൂളിലും വിദ്യാഭ്യാസം. പിന്നീട്‌ ഒരു വര്‍ഷം നെയ്‌ത്തു തൊഴിലാളിയായി ജോലി ചെയ്‌തു. തുടര്‍ന്നാണ്‌ പ്രീയൂണിവേഴ്‌സിറ്റിക്ക്‌ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ചേരുന്നത്‌. ബ്രണ്ണന്‍ കോളേജില്‍ തന്നെ ബിരുദപഠനം നടത്തി. നിരവധി സമരങ്ങളിലൂടെ വിദ്യാര്‍ഥി പ്രസ്ഥാനത്തെ നയിച്ചു. കെ.എസ്‌.എഫി ന്റെ സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി എന്നീ നിലകളിലും കെ.എസ്‌.വൈ.എഫിന്റെ സംസ്ഥാനപ്രസിഡന്റായും പ്രവര്‍ത്തിച്ചു. സംഘടനയെ നക്‌സലൈറ്റുകളുടെ പിടിയില്‍ നിന്ന്‌ മുക്തമാക്കുന്നതില്‍ നിര്‍ണായക പങ്കാണ്‌ വഹിച്ചത്‌. ഇരുപത്തിനാലാം വയസ്സില്‍ സി.പി.ഐ (എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും ഇരുപത്തെട്ടാം വയസ്സില്‍ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തിയ പിണറായി 1970ലും 1977ലും 1991ലും 1996ലുമായി നാലുതവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.