തിരുവനന്തപുരം: ടോം വടക്കന്റെ ചുവടുമാറ്റത്തില്‍ അതിശയപ്പെടാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയിലേക്കുള്ള റിക്രൂട്ട്മെന്‍റ് കേന്ദ്രമായി കോണ്‍ഗ്രസ് മാറിയെന്നും പിണറായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കൂടുതല്‍ നേതാക്കള്‍ ബി ജെ പി യിലേക്ക് പോകും. രാജ്യത്ത് പലയിടത്തും ജനപ്രതിനിധികളടക്കം കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് മാറുന്നു. കോണ്‍ഗ്രസില്‍ ഇത് പുതുമയല്ല. മതനിരപേക്ഷത ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്ക വേണ്ടെന്നും ജനങ്ങള്‍ ഇത് മനസ്സിലാക്കി പ്രതികരിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Read More: ‘കോണ്‍ഗ്രസില്‍ കുടുംബവാഴ്ച’; ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു

അതേസമയം, കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്കിന്റെ തുടക്കമാണ് ടോം വടക്കന്റെ വരവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞത്. ഇനിയും ഇത് തുടരുമെന്നും വിളിച്ചാല്‍ ആ നിമിഷം ബിജെപിയിലേക്ക് വരാന്‍ ആളുകള്‍ തയ്യാറാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ടോം വടക്കന്റെ കളം മാറ്റം താന്‍ നേരത്തെ അറിഞ്ഞിരുന്നുവെന്നും എന്നാല്‍ മാധ്യമങ്ങളോട് പറയാതിരിക്കുകയായിരുന്നുവെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. കോണ്‍ഗ്രസ് കാപട്യത്തിന്റെ മുഖമായി മാറുകയാണെന്നും ഇതൊരു തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിലെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് താന്‍ കോണ്‍ഗ്രസ് വിടുന്നതെന്ന് ടോം വടക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യത്ത് നടക്കുന്ന വികസന കാഴ്ചപ്പാടില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഒഴുക്കിന്റെ തുടക്കം മാത്രം, വിളിച്ചാല്‍ ഇനിയും ആളുകള്‍ വരും: ശ്രീധരന്‍പിള്ള
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കുടുംബവാഴ്ചയാണ് നിലവിലുള്ളതെന്ന വിമര്‍ശനവും ടോം വടക്കന്‍ ഉന്നയിച്ചു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സംസ്‌കാരമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളതെന്നും ടോം വടക്കന്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ