തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനമറിയിച്ചു. ശബ്ദ വൈവിധ്യം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു ആനന്ദവല്ലിയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Read More: ഒരേ സിനിമയിൽ ഒമ്പത് പേർക്കുവരെ ശബ്ദം നൽകിയിരുന്നു ആനന്ദവല്ലി: ഭാഗ്യലക്ഷ്മി
കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ച് ഡബ്ബ് ചെയ്യാന്‍ അസാധാരണ കഴിവ് അവര്‍ക്കുണ്ടായിരുന്നു. കൊച്ചു കുട്ടികളുടെ മുതല്‍ പ്രായമുള്ളവരുടെ വരെ ശബ്ദം വേറിട്ട രീതിയില്‍ അവതരിപ്പിക്കാന്‍ ആനന്ദവല്ലിക്കായി. നാടക-സിനിമാ മേഖലയില്‍ അഭിനേതാവായി ശോഭിക്കാനും അവര്‍ക്ക് സാധിച്ചെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Read More: ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് ഉച്ചയോടെയാണ് ആനന്ദവല്ലി മരണത്തിന് കീഴടങ്ങിയത്. 62 വയസായിരുന്നു. നിരവധി മലയാള സിനിമകൾക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.
Read More: പ്രിയപ്പെട്ടവരെയെല്ലാം മരണം തട്ടിയെടുത്തിട്ടും ആനന്ദവല്ലി തളരാതെ പിടിച്ചുനിന്നു: മേനക
‘ദേവി കന്യാകുമാരി’ എന്ന ചിത്രത്തിൽ നടി രാജശ്രീക്ക് ശബ്ദം നൽകികൊണ്ടാണ് ഡബ്ബിങ് മേഖലയിലേക്കെത്തിയത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിൽ പൂർണിമ ജയറാമിനു വേണ്ടി ഡബ്ബിങ് ചെയ്തു. ‘തൂവാനത്തുമ്പിൾ’ സിനിമയിൽ സുമലതയ്ക്ക് വേണ്ടി ശബ്ദം നൽകിയിട്ടുണ്ട്. 1992 ൽ ‘ആധാരം’ എന്ന ചിത്രത്തിൽ ഗീത എന്ന നടിക്ക് വേണ്ടി ശബ്ദം നൽകിയതിന് കേരള സംസ്ഥാന അവാർഡ് ലഭിച്ചു.