തിരുവനന്തപുരം: പാവപ്പെട്ടവർക്കു വീട് നിർമിച്ചുനൽകുന്ന പദ്ധതിയായ ലൈഫ് മിഷനെതിരെ വിമര്‍ശനമുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രെഡിറ്റ് വേണോ, എടുത്തോളൂവെന്നു പറഞ്ഞ മുഖ്യമന്ത്രി വിമര്‍ശനം എല്‍ഡിഎഫ് ഭരിക്കുന്നതിലാണെന്നും കുറ്റപ്പെടുത്തി. ഇത്തരം ഇടുങ്ങിയ മനസുമായി പ്രവര്‍ത്തിക്കാമോയെന്നും പിണറായി ചോദിച്ചു.
സര്‍ക്കാരിന്റെ ലൈഫ് മിഷന് പൂര്‍ത്തീകരണ പ്രഖ്യാപനം തട്ടിപ്പാണെന്നും ഇല്ലാത്ത കാര്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ മേനി നടിക്കുകയാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. വീടില്ലാത്തവര്‍ക്കു വീട് പണിതുനല്‍കിയത് സര്‍ക്കാരല്ല. തദ്ദേശഫണ്ടും കേന്ദ്രഫണ്ടും വായ്പയും ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മിച്ചതെന്നും ചെന്നിത്തല രാവിലെ പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു ലൈഫില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം നിര്‍വഹിക്കവെ മുഖ്യമന്ത്രിയുടെ വിമര്‍ശനം. ചടങ്ങില്‍ രമേശ് ചെന്നിത്തലയും ശശി തരൂര്‍ എംപിയും ബഹിഷ്കരിച്ചു.
ഈ പാവങ്ങളെയാണോ യുഡിഎഫ് ബഹിഷ്കരിക്കുന്നതെന്നും ഇത്ര ഇടുങ്ങിയ മനസുകൊണ്ട് മുന്നോട്ടുപോകാന്‍ പറ്റുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.വീട് നിര്‍മിച്ച് നല്‍കിയെന്നത് എല്ലാവര്ക്കും അഭിമാനിക്കാന്‍ വക നല്കുന്ന കാര്യമാണ്. എന്തുകൊണ്ടാണു നേരത്തെ വീട് പൂര്‍ത്തിയാക്കാന്‍ യുഡിഎഫ് പണം അനുവദിക്കാതിരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
നാട് സന്തോഷിക്കന്ന സമയത്ത് ഇത്തരം പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിന്റെ പതിവാണ്.
യുഡിഎഫ് നേരത്തെയും ഇത്തരം നിലപാട് സ്വീകരിച്ചിട്ടുണ്ട്. ലോക കേരള സഭയില്‍ നിന്നും പ്രളയ പുനരധിവാസത്തില്നിന്നും നിക്ഷേപ സംഗമത്തില്‍നിന്നും പ്രതിപക്ഷം വിട്ടുനിന്നു. ലോക കേരള സഭയെ എല്ലാവരും പുകഴ്ത്തി. ആരും മാറിനിന്നില്ല. പ്രതിപക്ഷവും ആദ്യഘട്ടത്തില്‍ കൂടെനിന്നു. പിന്നീട് ബഹിഷ്കരിച്ചു.
നാടിനോടും നാടിന്റെ ഭാവിയോടുമാണ് യുഡിഎഫ് ഈ ക്രൂരത കാണിക്കുന്നത്. പാവപ്പെട്ടവരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന പ്രവര്‍ത്തനമാണിത്. എന്നാല്‍ ചുമരുണ്ടെങ്കില്‍ മാത്രമേ ചിത്രം വരയ്ക്കാന്‍ പറ്റുകയുള്ളൂവെന്നു പ്രതിപക്ഷം ഓര്‍ക്കണം.
Read Also: ഒരേ രീതിയിൽ മൂന്നു മരണം, ആറു പേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിൽ; ദുരൂഹതയുടെ നിഴലിൽ അഗതി മന്ദിരം
വീടില്ലാത്ത എല്ലാവര്ക്കും വീട് നല്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി പദ്ധതിക്ക് എല്ലാവരുടെയും സഹായം ലഭിച്ചതായി വ്യക്തമാക്കി. പദ്ധതിയില്‍ കേരളത്തിലെ വ്യത്യസ്ത വകുപ്പുകളുടെ വീടുകളും പിഎംഎവൈ വീടുകളുമുണ്ട്. ഗ്രാമങ്ങളില്‍ 75,000 രൂപയാണ് വീട് നിര്‍മാണത്തിനു പിഎംഎവൈ നല്‍കുന്നത്. 3.25 ലക്ഷം രൂപ സര്‍ക്കാര്‍ കൂട്ടണം. നഗരങ്ങളില്‍ ഒന്നര ലക്ഷം രൂപ പിഎംഎവൈയില്നിന്നു ലഭിക്കുമ്പോള്‍ രണ്ടര ലക്ഷം സര്‍ക്കാര്‍ കൂട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും അടച്ചുറപ്പുള്ള വീടും അന്തസാര്‍ന്ന ജീവിതവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ലൈഫ്.സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫില്‍ 2,14,000 വീടുകളാണു പൂര്‍ത്തിയാക്കിയത്. പ്രഖ്യാപനച്ചടങ്ങില്‍ മന്ത്രി എസി മൊയ്തീന് അധ്യക്ഷത വഹിച്ചു.