മഞ്ചേശ്വരം: മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥി കപട ഹിന്ദുത്വവാദിയെന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമർശം അൽപ്പത്തരം. പ്രതിപക്ഷ നേതാവ് ആ സ്ഥാനത്തിനു ചേർന്ന പരാമർശമാണോ നടത്തിയത്. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം പ്രതിപക്ഷ നേതാവിന്റെ കക്ഷത്ത് ആരെങ്കിലും വച്ചു തന്നിട്ടുണ്ടോയെന്നു മുഖ്യമന്ത്രി ചോദിച്ചു.

മഞ്ചേശ്വരത്തെ വോട്ടർമാരുടെ മനസറിഞ്ഞതിനാലാണു സ്ഥാനാർഥിയെ ആക്ഷേപിക്കുന്നത്. ഇടതു സ്ഥാനാർഥി വിശ്വാസി ആയതാണ് പ്രതിപക്ഷത്തിന്റെ പ്രശ്നം. ഉപതിരഞ്ഞെടുപ്പിൽ വർഗീയ കാർഡിറക്കാൻ ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥിയിൽ നിന്ന് അനുഗ്രഹം വാങ്ങി പ്രചാരണം തുടങ്ങിയ എൽഡിഎഫ് സ്ഥാനാർഥി കപട ഹിന്ദുത്വ വാദിയാണെന്നാണു രമേശ് ചെന്നിത്തല പറഞ്ഞത്. യുഡിഎഫ് സ്ഥാനാർഥി എം.സി.ഖമറുദ്ദീന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്.

മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി ശങ്കർറൈയ്ക്കെതിരായ രമേശ് ചെന്നിത്തലയുടെ പരാമർശത്തിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയിട്ടുണ്ട്. ശങ്കർ റൈയെ പ്രതിപക്ഷ നേതാവ് വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.ശങ്കർറൈയാണ് എൽഡിഎഫ് സ്ഥാനാർഥി. ബാഡൂർ എഎൽപി സ്കൂളിൽ നിന്നു പ്രധാനാധ്യാപകനായി വിരമിച്ച ശങ്കർ റൈ ജില്ലാ പഞ്ചായത്ത് അംഗമായും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.