തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ (ഐഎംഎ) വീണ്ടും മുഖ്യമന്ത്രി. ഐഎംഎ വിദഗ്‌ധ സമിതിയല്ലെന്നും ഡോക്‌ടർമാരുടെ സംഘടനയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐഎംഎ ഡോക്‌ടർമാരുടെ പ്രശ്‌നത്തിൽ ഇടപെടാറുണ്ട്. അഭിപ്രായങ്ങൾ സ്വീകരിക്കാറുമുണ്ട്. അതിനുമപ്പുറം അതൊരു വിദഗ്‌ധ സമിതിയല്ല. കേന്ദ്ര സർക്കാരോ മറ്റ് സംസ്ഥാനങ്ങളോ ഐഎംഎയെ അടുപ്പിക്കാറില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യമേഖലയ്‌ക്ക് പുഴുവരിച്ചുവെന്ന ഐഎംഎ പ്രസ്‌താവനയ്‌ക്കെതിരെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

രോഗവ്യാപനഘട്ടത്തിൽ സ്‌കൂളുകൾ തുറക്കുന്നത് ആലോചനയിലില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: അൺലോക്ക് പ്രക്രിയയിലൂടെ കൂടുതൽ ഇളവുകൾക്ക് കേന്ദ്രം അനുമതി നൽകുമ്പോഴും സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന കാര്യം ഉടൻ ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനഘട്ടമായതിനാൽ ഇപ്പോൾ സ്‌കൂളുകൾ തുറക്കുന്ന കാര്യം ആലോചനയിലില്ലെന്നും എന്നാൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നതിനോട് സംസ്ഥാനത്തിനു യോജിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നിർദേശം അനുസരിച്ച് ഒക്‌ടോബർ 15 മുതൽ സ്‌കൂളുകൾ തുറന്നുപ്രവർത്തിക്കാം. എന്നാൽ, സംസ്ഥാനത്ത് വിദ്യാലയങ്ങൾ ഉടൻ തുറക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടിൽ നിന്ന് വ്യക്തമായത്. രോഗവ്യാപനതോത് കുറയുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുവിദ്യാലയങ്ങളാകെ മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് മുഖ്യമന്ത്രി

പൊതുവിദ്യാലയങ്ങളാകെ മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തിലേക്കു സംസ്ഥാനം അതിവേഗം മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂളുകൾ നാടിന് സമർപ്പിച്ചതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കിഫ്ബിയിൽ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് നാല് കെട്ടിടങ്ങളും മൂന്നു കോടി രൂപ ചെലവിട്ട് 20 കെട്ടിടങ്ങളും പ്‌ളാൻഫണ്ട് പ്രയോജനപ്പെടുത്തി 62 കെട്ടിടങ്ങളും നബാർഡിന്റെ സഹായം ഉപയോഗിച്ച് നാലു കെട്ടിടങ്ങളുമാണ് സ്‌കൂളുകൾക്കായി നിർമിച്ചത്.

54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിർവഹിച്ചു. കിഫ്ബിയിൽ നിന്ന് മൂന്നു കോടി രൂപ വീതം ചെലവഴിച്ച് 34 കെട്ടിടങ്ങളും പ്‌ളാൻ ഫണ്ടിൽ നിന്ന് 40 കോടി രൂപ ചെലവഴിച്ച് 20 കെട്ടിടങ്ങളുമാണ് നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

75 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി; തലയുയർത്തി ആരോഗ്യമേഖല

തിരുവനന്തപുരം: 75 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് പന്ത്രണ്ടും കൊല്ലത്ത് അഞ്ചും പത്തനംതിട്ടയിൽ ആറും ആലപ്പുഴയിൽ മൂന്നും കോട്ടയത്ത് നാലും ഇടുക്കിയിൽ ഒന്നും എറണാകുളത്ത് നാലും തൃശൂരിൽ പത്തൊൻപതും പാലക്കാട് ആറും മലപ്പുറത്ത് എട്ടും കോഴിക്കോട് അഞ്ചും കണ്ണൂരിലും കാസർഗോഡും ഒന്നു വീതവും കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് നാടിന് സമർപ്പിച്ചത്.

ആർദ്രം പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ്  യാഥാർത്ഥ്യമായത്. ഇതിന് ആവശ്യമായ തസ്തികകളും സൃഷ്ടിച്ചു. രണ്ടാം ഘട്ടത്തിൽ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ്  കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാൻ തീരുമാനിച്ചത്. ഇതുവരെ 461 ആശുപത്രികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. ബാക്കിയുള്ള ആശുപത്രികൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.