തിരുവനന്തപുരം: പ്രവാചകന്റെ മുടി ബോഡി വേസ്റ്റാണെന്ന് പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുകേശ വിവാദവുമായി ബന്ധപ്പെട്ട മുൻ നിലപാടിൽ താൻ ഉറച്ച് നിൽക്കുന്നതായി കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞിരുന്നു. മുൻ നിലപാട് പിണറായി ആവർത്തിച്ചത് ഖേദകരമാണെന്ന അഭിപ്രായം പലയിടത്തും ഉയർന്നതായി ഇന്നത്തെ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, താൻ പറഞ്ഞത് തന്റെ അഭിപ്രായമാണെന്നും എതിരഭിപ്രായമുള്ളവർ ഉണ്ടാകുമെന്നും പിണറായി പറഞ്ഞു.

“ഞാൻ പറഞ്ഞത് എന്റെ അഭിപ്രായമാണ്. വിശ്വാസത്തിന്റെ ഭാഗമായി മറ്റ് ചിലർക്ക് വേറെ അഭിപ്രായമുണ്ടായിരിക്കാം. അവരുടെ വിശ്വാസം എനിക്കുണ്ടാകണമെന്നില്ല. വിശ്വാസത്തിന്റെ ഭാഗമായി അവർ ചില കാര്യങ്ങൾ പറയുന്നു. ഞാൻ പറഞ്ഞത് എന്റെ അഭിപ്രായമാണ്. മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്നാണ് അന്ന് ചോദിച്ചപ്പോഴും ഞാൻ പറഞ്ഞത്,” പിണറായി വ്യക്തമാക്കി.

Read Also: മുഖ്യമന്ത്രിയെയോ ജലീലിനെയോ വിമർശിച്ചിട്ടില്ല; മാധ്യമ വാർത്തകൾ തള്ളി കാനം

കെ.ടി.ജലീലിനെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി

കെ.ടി.ജലീൽ വളരെ രഹസ്യമായി ചോദ്യം ചെയ്യലിനു പോയതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി. ജലീൽ ചോദ്യം ചെയ്യലിനു പോയ രീതിയിൽ കാനത്തിനു മറ്റൊരു അഭിപ്രായമുണ്ടായിരിക്കാം. അത് കാനത്തിന്റെ അഭിപ്രായമാണെന്നും പിണറായി പറഞ്ഞു. ജലീൽ രഹസ്യമായി ചോദ്യം ചെയ്യലിനു ഹാജരാകേണ്ട കാര്യമുണ്ടായിരുന്നില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നേരത്തെ പറഞ്ഞിരുന്നു.

പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിപക്ഷം സമരം നടത്തുന്നതിനെ മുഖ്യമന്ത്രി വിമർശിച്ചു. കോവിഡ് വ്യാപനം തടയാൻ പ്രതിപക്ഷ നേതാവിനും ചുമതലയുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പേരും മേൽവിലാസവും മറച്ചുവച്ച് കോവിഡ് പരിശോധന നടത്തിയ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തിനെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു.

ഭക്ഷ്യകിറ്റ് വിതരണം

സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുളള നാലു മാസത്തേക്കുകൂടി കേരളത്തിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് മഹാമാരി മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുളള നാലു മാസം ഭക്ഷ്യക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മ പരിപാടിയില്‍ വാഗ്‌ദാനം നല്‍കിയിരുന്നു. ഭക്ഷ്യകിറ്റ് വിതരണം ഇന്നുമുതൽ ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കുന്ന അവസ്ഥയുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.