തിരുവനന്തപുരം: വനിതാ മതിലിന്റെ പശ്ചാത്തലം ശബരിമല വിധി തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതില്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ നടത്തുന്ന പ്രചരണത്തിനെതിരെയാണ് വനിതാ മതിലെന്ന ആശയമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതില്‍ വര്‍ഗ്ഗസമര രീതി തന്നെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വന്‍ മതില്‍ തന്നെ നാളെ രൂപം കൊള്ളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്‍എസ്എസിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനമുയര്‍ത്തി. പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ആര്‍എഎസുകാര്‍ സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ നമ്മുടെ നാടിന്റെ മത നിരപേക്ഷത തകര്‍ക്കാനുള്ള നീക്കത്തെയാണ് പിന്തുണച്ചത്. നവോത്ഥാന പാരമ്പര്യമുള്ള സംഘടനയാണ് ആര്‍എസ്എസിന്റെ അയ്യപ്പ ജ്യോതിയെ പിന്തുണച്ചത്. ഇത് ഇരട്ടത്താപ്പാണ്. സമദൂരം എന്ന് പറയുന്നവര്‍ എന്തില്‍ നിന്നൊക്കെയാണ് സമദൂരം പാലിക്കുന്നതെന്ന് വ്യക്തമാക്കണം. മന്നത്തിന്റെ പ്രക്ഷോഭങ്ങള്‍ ഇന്നും പ്രസക്തമാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

മകരവിളക്ക് സമയത്ത് സ്ത്രീകള്‍ വരരുതെന്ന് ആവശ്യപ്പെട്ട ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെ മുഖ്യമന്ത്രി തിരുത്തി. സ്ത്രീകള്‍ ശബരിമലയില്‍ വരരുതെന്ന് പറയാന്‍ ഒരു മന്ത്രിക്കും അവകാശമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വനിതാ മതിലില്‍ പങ്കെടുക്കാന്‍ എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ട്. സര്‍ക്കാര്‍ ജോലിക്കാര്‍, കുടുംബശ്രീക്കാർ, തൊഴിലുറപ്പുകാര്‍ എല്ലാവര്‍ക്കും പങ്കെടുക്കാം. അവര്‍ക്കെതിരെ ഒരു നടപടിയുമുണ്ടാകില്ല. ശബരിമല സന്ദര്‍ശനത്തിനെത്തി മടങ്ങിയ തമിഴ് സംഘടനയായ മനിതിയുടെ നേതാവ് സെല്‍വിയെ താന്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ സുപ്രീംകോടതി വിധി അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. ഇനിയും തുടരും. പോകണമെന്ന് സ്ത്രീകള്‍ ഉറപ്പിച്ച് പറയുകയാണെങ്കില്‍ വേണ്ട സഹായം ചെയ്തുകൊടുക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ വന്നിട്ടുള്ള ആചാര മാറ്റങ്ങളേയും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. നേരത്തെ ഇരുമുടിക്കെട്ട് നിറച്ചിരുന്നത് വീടുകളിലും അമ്പലങ്ങളിലും വച്ചായിരുന്നു. എന്നാല്‍ ഇപ്പോഴത് പമ്പയില്‍ നിന്നും ദേവസ്വം ബോര്‍ഡ് നല്‍കുന്ന റെഡിമെയ്ഡ് ഇരുമുടിക്കെട്ടായി മാറിയിരിക്കുന്നു. നേരത്തെ അയ്യപ്പന്മാരുടെ വേഷം കറുപ്പും നീലയുമായിരുന്നു, ഇപ്പോള്‍ കാവിയും ധരിക്കുന്നുണ്ട്. നേരത്തെ പതിനെട്ടാം പടിയ്ക്ക് സമീപത്തുള്ള ഭസ്മക്കുളത്തില്‍ കുളിക്കുന്ന രീതിയുണ്ടായിരുന്നു, ഇപ്പോഴതില്ല. അതുപോലെ തന്നെ ശയപ്രദക്ഷിണവുമിന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

മഹാരാഷ്ട്രിയിലെ ശനി ക്ഷേത്രത്തിലെ സ്ത്രീപ്രവേശന വിധിയും അത് നടപ്പിലാക്കാന്‍ പൊലീസിന് മര്‍ദ്ദനമുറ വരെ സ്വീകരിക്കേണ്ടി വന്നതും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 400 വര്‍ഷം പഴക്കമുള്ള ആചാരമായിരുന്നു കോടതി വിധിയിലൂടെ മാറ്റിയത്. മഹാരാഷ്ട്രയില്‍ ബിജെപിയും കോണ്‍ഗ്രസും വലിയ കക്ഷികളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കര്‍ണാടകയിലെ ഉടുപ്പി ക്ഷേത്രത്തില്‍ എച്ചില്‍ ഇലയില്‍ ഉരുളുന്ന ആചാരം അവസാനിപ്പിച്ചതുമെല്ലാം മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

ശബരിമലയില്‍ പോകണമോ വേണ്ടയോ എന്ന് യുവതികളുടെ വ്യക്തിപരമായ തീരുമാനമാണ്. ഇവിടെ തുല്യമായ ആരാധനാ സ്വാതന്ത്ര്യമാണ് വിഷയം. സ്ത്രീകള്‍ക്ക് പുരുഷന് തുല്യമായ ആരാധനാ സ്വാതന്ത്ര്യവും ഉണ്ടെന്ന നിലപാടിലേ സർക്കാരിന് നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ശബരിമല വിഷയത്തിലാണ് സുപ്രീം കോടതി വിധി. ആ വിധി വന്നതോടെയാണ് സ്ത്രീ-പുരുഷ തുല്യത ചര്‍ച്ചയായത്. ശബരിമല ചെറിയ പ്രശ്‌നം മാത്രമാണ് സ്ത്ര-പുരുഷ സമത്വമെന്ന വലിയ ക്യാന്‍വാസിലാണ് വനിതാ മതിലിനെ കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാ പരിസരത്ത് പൊലീസിന് ചില പരിമിതികളുണ്ട്. അതാണ് ചിലര്‍ ദുരുപയോഗപ്പെടുത്തുന്നത്. ഭക്തരെന്ന മറവില്‍ വരുന്ന ക്രിമിനലുകളാണ് അക്രമം നടത്തുന്നത്. പൊലീസ് സംയമനം പാലിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം, സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത ദേവസ്വം ബോര്‍ഡിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി തള്ളി. പോകണോ പോകണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ഇല്ല. അത് സ്ത്രീകളാണ് തീരുമാനിക്കേണ്ടത്. അവര്‍ക്ക് വേണ്ട സൗകര്യമൊരുക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.