തിരുവനന്തപുരം: കോവിഡ് പരിശോധനയ്‌ക്ക് കേരളത്തിനു കൃത്യമായ സംവിധാനവും പദ്ധതിയും ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “കേരളം കൃത്യമായ ടെസ്റ്റിങ് സ്‌ട്രാറ്റജി പിന്തുടരുന്നു. രോഗലക്ഷണമുള്ളവരിൽ പരിശോധന നടത്തുന്നതിനാണ് കേരളം കൂടുതൽ പ്രാധാന്യം നൽകുന്നത്. അതുകൊണ്ടാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടാൻ കാരണം. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഗണ്യമായി വർധിച്ചിട്ടില്ല. ഇപ്പോൾ 15 ശതമാനത്തിൽ താഴെ നിർത്താൻ സാധിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് താഴ്‌ത്താൻ കേരളം കൂടുതൽ നടപടികൾ സ്വീകരിക്കും,” പിണറായി പറഞ്ഞു.

Read Also: സംസ്ഥാനത്ത് ഇന്ന് 4287 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 7107 പേർക്ക് രോഗമുക്തി

മരണസംഖ്യ കുറച്ചുകാണിക്കുന്നോ ?

‘കേരളത്തിൽ കോവിഡ് മരണസംഖ്യ കുറച്ചുകാണിക്കുന്നു’ എന്ന ആരോപണങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി. കള്ളക്കണക്ക് കാണിച്ച് സർക്കാരിന് ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല. മരണം കുറച്ചുകാണിക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അങ്ങനെയൊരു സർക്കാരല്ല കേരളത്തിലുള്ളതെന്നും പിണറായി പറഞ്ഞു. ഇത്തരം ആരോപണങ്ങൾ ആരോഗ്യപ്രവർത്തകരുടെ അടക്കം മനോവീര്യം തകർക്കുമെന്നും പിണറായി പറഞ്ഞു.

ചെന്നിത്തല കേന്ദ്ര നേതൃത്വ പച്ചയ്‌ക്ക് തള്ളിപ്പറഞ്ഞു

കേന്ദ്ര ഏജൻസികൾക്കെതിരായ രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയെ കേരളത്തിലെ പ്രതിപക്ഷ നേതാവ് പച്ചയ്‌ക്ക് തള്ളിപ്പറഞ്ഞെന്ന് പിണറായിയുടെ പരിഹാസം. അഖിലേന്ത്യ നേതാവാണ് രാഹുൽ ഗാന്ധി. സാധാരണ നിലയിൽ അഖിലേന്ത്യ നേതൃത്വത്തിന്റെ നിലപാട് തള്ളിപ്പറയാൻ സംസ്ഥാന നേതൃത്വം തയ്യാറാകില്ല. എന്നാൽ, ചെന്നിത്തല കേന്ദ്ര നിലപാടിനെ പച്ചയ്‌ക്ക് തള്ളിപ്പറഞ്ഞു. ചെന്നിത്തലയുടെ പ്രസ്‌താവന തന്നെ പോലും ആശ്ചര്യപ്പെടുത്തിയെന്നും പിണറായി പറഞ്ഞു.

വാളയാറിലെ സർക്കാർ നിലപാട്

വാളയാറില്‍ മരണപ്പെട്ട കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭ്യമാകണമെന്ന ഉറച്ച തീരുമാനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെയും പറ്റിക്കുന്ന നിലപാട് മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ഇല്ല. അവര്‍ക്കൊപ്പം തന്നെയാണ് എല്ലാവരുമുള്ളത്. ഒരു വര്‍ഷം മുന്‍പ് അവര്‍ വന്ന് കണ്ടപ്പോഴും ഇക്കാര്യം പറഞ്ഞിരുന്നു. അന്ന് സംസാരിച്ച കാര്യങ്ങള്‍ പാലിക്കാന്‍ തന്നെയാണ് ഇക്കാലയളവില്‍ ശ്രമിച്ചിട്ടുള്ളത്. കേസില്‍ പ്രതികളായവരെ വെറുതെ വിട്ടതിനെതിരായ നിയമപോരാട്ടമാണ് പ്രധാനം. അതിന് സര്‍ക്കാര്‍ തന്നെയാണ് മുന്‍കൈയെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്നാക്ക സംവരണം

മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് പ്രഖ്യാപിച്ചതാണെന്ന് മുഖ്യമന്ത്രി. ഈ സംവരണം കൊണ്ട് മറ്റുള്ള ആരുടെയും സംവരണ ആനുകൂല്യങ്ങൾ നഷ്ടമാകില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.