തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും നാനൂറിലേറെ കോവിഡ് പോസിറ്റീവ് കേസുകൾ. ഇന്ന് സംസ്ഥാനത്ത് 488 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗവ്യാപന നിരക്കാണിത്. ഇതിൽ 234 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 167 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവർ 76 പേര്‍. ഇന്ന് മാത്രം 143 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗവ്യാപനതോത് വർധിക്കുന്നത് വലിയ ആശങ്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 416 പേർക്കാണ്.

രണ്ട് മരണം

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം. തിരുവനന്തപുരത്ത് 66കാരനായ സെയ്‌ഫുദ്ദീനും എറണാകുളത്ത് 79 കാരനായ പികെ ബാലകൃഷ്ണനുമാണ് മരിച്ചത്.

രോഗമുക്‌തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം-ആറ്, കൊല്ലം-26, പത്തനംതിട്ട-43, ആലപ്പുഴ-11, കോട്ടയം-ആറ്, ഇടുക്കി-നാല്, എറണാകുളം-മൂന്ന്,തൃശൂർ-17, പാലക്കാട്-ഏഴ്, മലപ്പുറം-15, കോഴിക്കോട്-നാല്, കണ്ണൂർ-ഒന്ന്

പുതിയ ഹോട്ട്‌സ്‌പോട്ടുകൾ

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകൾ  195 ആയി. പുതിയതായി 16 ഹോട്ട്‌സ്‌പോട്ടുകൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് ആശങ്ക

തിരുവനന്തപുരം ജില്ലയിൽ ഇന്ന് മാത്രം 69 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 46 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 11 കേസുകൾ ഉണ്ട്. നിരീക്ഷണം ശക്തമായി തുടരണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ ഒൻപത് തദ്ദേശ സ്ഥാപനങ്ങളിലെ 45 വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്.

Read Also: കുഴഞ്ഞു വീണു മരിച്ച വീട്ടമ്മയ്‌ക്ക് കോവിഡ്; സംസ്‌കാരം പ്രോട്ടോക്കോൾ ലംഘിച്ച്, സ്ഥിതി ഗുരുതരം

മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വർഡുകളിൽ രോഗവ്യാപനം വർധിച്ച സാഹചര്യത്തിലാണ് കർക്കശ നിലപാട് സ്വീകരിച്ചത്. ജനത്തിനുണ്ടാക്കുന്ന പ്രയാസം കണക്കിലെടുത്താണ് ഇവിടുത്തെ ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് വാർഡിലുമായി 8,110 കാർഡ് ഉടമകളുണ്ട്. നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളിൽ നിത്യോപയോഗ സാധനം എത്തിക്കാൻ അധിക സംവിധാനം ഒരുക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങളെ ബോധവത്‌കരിക്കാനുള്ള നടപടികൾ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കടലോര മേഖലകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് അവിടെ സമ്പർക്ക സാധ്യത കൂടുതലുള്ളതിനാലാണ്. ജനങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലമാണ്. ശ്രദ്ധ കൂടുതൽ നൽകണം. മാധ്യമങ്ങളടക്കം എല്ലാവരും കടലോര മേഖലയിലെ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.