തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ അംഗീകാരങ്ങളുടെ പിന്നാലെ പോയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളുടെ ജീവൻ രക്ഷിക്കാനായി സംസ്ഥാനം നടത്തിയ പ്രയത്‌നങ്ങൾക്കാണ് അംഗീകാരം ലഭിച്ചതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും നടത്തിയ ആത്മസമർപ്പണത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോവിഡ് പ്രതിരോധ നടപടികളിൽ പലരും അസ്വസ്ഥരാണ്. ചിലർ വസ്‌തുതകൾ മനസിലാക്കാൻ തയ്യാറാകുന്നില്ല. ചിലർ മനസിലാക്കിയാൽ തന്നെ അതു മറച്ചുവയ്‌ക്കുന്നു. സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു.

Read Also: കേരളം മുതല്‍ വെനെസ്വേല വരെ; കോവിഡ്‌ പ്രതിരോധത്തിന്റെ ഇടത് മാതൃകകള്‍

ഓണക്കാലത്ത് നിയന്ത്രണങ്ങളിൽ വ്യാപകമായി ഇളവ് നൽകിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ രോഗവ്യാപനം അതിരൂക്ഷമാകാൻ കാരണം ഓണക്കാലത്തെ ഇളവുകളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഓണക്കാലത്ത് ആഘോഷങ്ങൾ വീട്ടിൽ നടന്നിട്ടുണ്ടാകും. അല്ലാതെ ഓണക്കാലമായതുകൊണ്ടുള്ള കൂട്ടം കൂടലും നിയന്ത്രണങ്ങൾ ലംഘിക്കലും ഓണക്കാലത്ത് നടന്നിട്ടില്ല. എല്ലാം കെെവിട്ട് പോകുന്ന ഒരു അവസ്ഥ ഓണക്കാലത്ത് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമർശനം

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്‌ച സംഭവിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്‌വർധൻ വിമർശിച്ചെന്ന തരത്തിലായിരുന്നു വാർത്തകൾ. പ്രതിരോധത്തിലെ വീഴ്‌ചകൾക്ക് ഇപ്പോൾ വലിയ വില നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘സൺഡെ സംവാദ്’ പരിപാടിയിലാണ് കേരളത്തിനെതിരെ ആരോഗ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചത്. കേരളം തുടക്കത്തിൽ കാണിച്ച പ്രതിരോധ നടപടികൾ പിന്നീട് ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ കേരളത്തെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രി പ്രശംസിച്ചിരുന്നു. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ടെസ്റ്റുകൾ വർധിപ്പിക്കാത്തതിനെതിരെയും കേന്ദ്രം വിമർശിച്ചു.

ഹർഷവർധൻ കേരളത്തെ കുറ്റുപ്പെടുത്തുകയല്ല ചെയ്തതെന്ന് ആരോഗ്യമന്ത്രി

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ കേരളത്തെ കുറ്റുപ്പെടുത്തുകയല്ല ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ. ഓണക്കാലത്തെ നിയന്ത്രണങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി നവരാത്രി ഉത്സവസമയത്ത് മറ്റു സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പു നൽകുകയാണ് അദ്ദേഹം ചെയ്തതെന്നും സംസ്ഥാന ആരോഗ്യ മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയോട് താൻ ഇക്കാര്യത്തിൽ സംസാരിച്ചതായും മന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ കേന്ദ്രമന്ത്രി വിമർശിച്ചെന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ചുവെന്ന വാർത്ത കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ നിഷേധിച്ചുവെന്നും മന്ത്രി പറഞ്ഞു.

Read Also; സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കോവിഡ്; 7469 പേർക്ക് രോഗമുക്തി

സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണം ബോധപൂർവം കുറച്ചിട്ടില്ലെന്നും ശാസ്ത്രീയമായി പുനഃക്രമീകരിക്കുകയാണു ചെയ്തതെന്നും മന്ത്രി പറഞ്ഞു. ലക്ഷണമുള്ളവരെയും അടുത്ത സമ്പർക്കം ഉള്ളവരെയുമാണ് പരിശോധിക്കുന്നത്. കുറഞ്ഞതുകൊണ്ട് കുഴപ്പമില്ല എന്നതിന് തെളിവാണ് കുറഞ്ഞ മരണനിരക്കെന്നും കെ.കെ.ശെെലജ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook