തിരുവനന്തപുരം: കോവിഡ് കാലത്തെ ദിനംപ്രതിയുള്ള വാർത്താസമ്മേളനത്തെ വിമർശിക്കുന്നവർക്കും പരിഹസിക്കുന്നവർക്കും മുഖ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്തിന്റെ പൊങ്ങച്ചം അവതരിപ്പിക്കാൻ വാർത്താസമ്മേളനം ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാക്കൾ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ പരിഹസിച്ചു രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി. ഇന്നത്തെ കോവിഡ് അവലോകനയോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്തിന്റെ നേട്ടങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. ഏതെങ്കിലും ഇന്ദ്രജാലം കൊണ്ടല്ല കോവിഡ് പ്രതിരോധത്തിൽ കേരളം മുന്നിലെത്തിയതെന്നും സംസ്ഥാനത്തെ ജനങ്ങളുടെ കൂട്ടായ പ്രവർത്തനവും ഐക്യവുമാണ് അതിനു കാരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാം കെെവിട്ടു പോയി എന്നു തോന്നിയിടത്തു നിന്ന് കേരളം ഒറ്റക്കെട്ടായി മുന്നേറിയെന്നും പിണറായി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള ആറ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്തു നിന്നുള്ളവരാണ്. ഒരാൾക്ക് കോവിഡ് ബാധിച്ചത് സമ്പർക്കം മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 408 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ 114 പേർ മാത്രമാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.

ഇന്നു സംസ്ഥാനത്ത് 21 പേർ രോഗമുക്തരായി. കാസർഗോഡ് ജില്ലയിൽ 19 പേരും ആലപ്പുഴ ജില്ലയിൽ രണ്ട് പേരും രോഗമുക്തരായി. സംസ്ഥാനത്ത് ഇപ്പോൾ 46,323 നിരീക്ഷണത്തിലാണ്. ഇതിൽ 398 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ഇന്നുമാത്രം 62 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇതുവരെ 19,786 സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചു. ഇതിൽ 19,074 ഫലങ്ങൾ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: ലോക്ക്ഡൗണ്‍ ഇളവ്: സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്യൂണിറ്റി കിച്ചൺ അടക്കമുള്ള പദ്ധതികൾ അതിനുവേണ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് മരിക്കുന്നവർ 5.75 ശതമാനമാണ് ലോകത്തിൽ. ഇന്ത്യയിൽ 2.83 ശതമാനം. എന്നാൽ, 0.58 ശതമാനം മാത്രമാണ് കേരളത്തിൽ. 33 കോവിഡ് സ്പെഷ്യൽ ആശുപത്രികൾ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.