തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിൽ ഉണ്ടാകുന്ന വർദ്ധനവ് കാണിക്കുന്നത് കേരളത്തിൽ രോഗം ഉച്ചസ്ഥായിയിൽ എത്താൻ ഇനിയും സമയമെടുക്കും എന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് രോഗവ്യാപനം ഇനിയും കൂടുമെന്ന് അതിൽ നിന്നും മനസ്സിലാക്കാമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ കോവിഡിന്റെ രണ്ടാമത്തെ തരംഗത്തിൽ ഗ്രാമീണ മേഖലകളിൽ മുൻപുള്ളതിനേക്കാൾ കേസുകൾ കൂടുന്ന പ്രവണത കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ലാൻസെറ്റ് ഗ്ളോബൽ ഹെൽത്ത് എന്ന ജേർണലിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനം വ്യക്തമാക്കുന്നത് ഒന്നാമത്തെ തരംഗത്തിൽ നിന്നും വ്യത്യസ്തമായി നഗരങ്ങളിൽ ഒതുങ്ങി നിൽക്കാതെ ഗ്രാമീണ മേഖലകളിലേയ്ക്ക് കൂടി ഇന്ത്യയിലെ കോവിഡിൻ്റെ രണ്ടാം തരംഗം വ്യാപിച്ചു എന്നാണ്. ഇന്ത്യയിൽ ഇത്തവണ മരണങ്ങൾ വർദ്ധിക്കാൻ ഇതു കാരണമായതായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ ആരോഗ്യസംവിധാനങ്ങളുടെ ദൗർലഭ്യം ഈ സ്ഥിതിവിശേഷത്തെ കൂടുതൽ ഗുരുതരമാക്കിയിരിക്കുന്നത്.”
“കേരളത്തിലും രണ്ടാമത്തെ തരംഗത്തിൽ ഗ്രാമീണ മേഖലകളിൽ മുൻപുള്ളതിനേക്കാൾ കേസുകൾ കൂടുന്ന പ്രവണത കാണുന്നുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം നഗര-ഗ്രാമ അന്തരം താരതമ്യേന കുറവാണെന്നതും, ഗ്രാമീണ മേഖലകളിലും ആരോഗ്യ സംവിധാനങ്ങൾ മറ്റു സംസ്ഥാനങ്ങളേക്കാൾ മികച്ച രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട് എന്നതും ആശ്വാസകരമായ കാര്യമാണ്,” മുഖ്യമന്ത്രി പറർഞ്ഞു.
നഗരങ്ങളിലുള്ളതു പോലെത്തന്നെ ശക്തമായ നിയന്ത്രണങ്ങൾ ഗ്രാമ പ്രദേശങ്ങളിലും അനിവാര്യമാണെന്നാണ് ഈ വസ്തുത വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. “അതുകൊണ്ട് നിയന്ത്രണങ്ങൾ വിട്ടു വീഴ്ചയുമില്ലാതെ ഗ്രാമപ്രദേശങ്ങളിലും നടപ്പിലാക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ അക്കാര്യം ഉറപ്പു വരുത്തണം,” മുഖ്യമന്ത്രി പറഞ്ഞു.
വീടുകളിൽ നിന്ന് രോഗവ്യാപനം
56 ശതമാനം ആളുകളിലേയ്ക്ക് രോഗം പകർന്നത് വീടുകളിൽ വച്ചാണെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് നടത്തിയ പഠനം കണ്ടെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഗൗരവത്തോടെ പരിഗണിക്കേണ്ട ഒരു പ്രശ്നമാണിത്. എല്ലാവരും അവരവരുടെ കുടുംബത്തിനു ചുറ്റും ഒരു സുരക്ഷാവലയം ഒരുക്കാൻ ആത്മാർത്ഥമായി ശ്രമിക്കണം. വീടിൽ നിന്നു പുറത്തിറങ്ങുന്നവർ കർശനമായ ജാഗ്രത പുലർത്തണം. വീട്ടിലെ വയോജനങ്ങളും കുട്ടികളും ആയി ഇടപഴകുമ്പോൾ നന്നായി ശ്രദ്ധിക്കണം,” മുഖ്യമന്ത്രി പറഞ്ഞു.
വീട്ടിൽ നിന്നു പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
കഴിയാവുന്നത്ര വീട്ടിൽ നിന്നു പുറത്തിറങ്ങാതിരിക്കുക എന്നതാണ് ഈ ഘട്ടത്തിൽ എടുക്കാവുന്ന ഏറ്റവും പ്രധാന മുൻകരുതലെന്നും മുഖ്യമന്ത്രി പറഞ്ഞു. “വീട്ടിൽ നിന്നു പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കിയതിൻ്റെ ഫലമായി രോഗവ്യാപനത്തിൻ്റെ തോത് 60 ശതമാനത്തോളം കുറയ്ക്കാനായി എന്നാണ് ജപ്പാനിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് നമ്മുടെ നാട്ടിലും ആളുകൾ കഴിയുന്നത്ര വീട്ടിൽ തന്നെ ഇരിക്കുന്നതാണ് ഈ സന്ദർഭത്തിൽ ഏറ്റവും അനിവാര്യമായ കാര്യം,” അദ്ദേഹം പറഞ്ഞു.
“സാധനങ്ങൾ വാങ്ങാൻ പോകുന്നവർ ഏറ്റവും അടുത്ത കടയിൽ നിന്നും ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വാങ്ങുക. പോകുന്ന സമയത്ത് ഡബിൾ മാസ്കുകൾ ഉപയോഗിക്കാനും അകലം പാലിക്കാനും സാനിറ്റൈസർ കയ്യിൽ കരുതാനും ശ്രദ്ധിക്കണം, തിരിച്ചു വീട്ടിലെത്തുമ്പോൾ കൈകാലുകളും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. വസ്ത്രങ്ങൾ മാറ്റുകയും വേണം,” മുഖ്യമന്ത്രി പറഞ്ഞു.
“മറ്റു വീടുകൾ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കേണ്ട ഘട്ടമാണിത്. അത്യാവശ്യ കാര്യങ്ങൾക്ക് മറ്റു വീടുകളിൽ പോവുകയാണെങ്കിൽ മാസ്കുകൾ ധരിച്ചും കൈകൾ സാനിറ്റൈസ് ചെയ്തും ആയിരിക്കണം അകത്തേയ്ക്ക് കയറേണ്ടത്. “
“വരുന്ന ആൾ മാത്രമല്ല, വീട്ടിലുള്ളവരും മാസ്ക് ധരിച്ചുകൊണ്ട് മാത്രമേ സന്ദർശകരുമായി ഇടപഴകാൻ പാടുള്ളൂ. “
“തുമ്മൽ, ചുമ, ജലദോഷം, ശ്വാസം മുട്ടൽ തുടങ്ങിയ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടനെത്തന്നെ വീട്ടിലാണെങ്കിലും മാസ്ക് ധരിക്കണം. വീട്ടിലെ മറ്റംഗങ്ങളും മാസ്ക് ധരിക്കണം. ഉടനടി ടെസ്റ്റിനു വിധേയമാവുകയും കോവിഡ് രോഗബാധയുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം,” മുഖ്യമന്ത്രി പറഞ്ഞു.
ജനലുകൾ അടച്ചിടുന്നത് തെറ്റായ രീതി
കോവിഡ് വന്നേക്കാമെന്ന് ഭയപ്പെട്ട് വീട്ടിലെ ജനലുകൾ പലരും അടച്ചിടാറുണ്ടെന്നും അതു തെറ്റായ രീതിയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. “ജനലുകൾ എല്ലാം തുറന്ന് വീടിനകത്ത് കഴിയാവുന്നത്ര വായു സഞ്ചാരം ഉറപ്പു വരുത്താനാണ് ശ്രമിക്കേണ്ടത്. വായു സഞ്ചാരമുണ്ടാകുമ്പോൾ രോഗം പകരാനുള്ള സാധ്യത കുറയുകയാണ് ചെയ്യുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.
” ആളുകൾ നിരന്തരമായി സ്പർശിക്കുന്ന പ്രതലങ്ങൾ, ഉദാഹരണമായി വാതിലുകളുടെ ഹാൻ്റിലുകൾ, സ്വിച്ചുകൾ, തുടങ്ങിയവ ഇടയ്ക്ക് സാനിറ്റൈസ് ചെയ്യുന്നതും നല്ലതാണ്,” മുഖ്യമന്ത്രി പറഞ്ഞു.