തിരുവനന്തപുരം: കേരളത്തിന്റെ സമഗ്ര പുനർനിർമ്മാണമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ കിട്ടിയത് 2,683.18 കോടി രൂപയാണ്. ഇതുവരെ ചെലവഴിച്ചത് 688.48 കോടി രൂപ. നിലവിൽ 706.74 കോടി രൂപ കൂടി ലഭ്യമായാലേ നാളിതുവരെയുള്ള ബാധ്യത തീര്‍ക്കാനാവുകയുള്ളൂ. കേന്ദ്ര സര്‍ക്കാരിന് തന്നെ റേഷന്‍ ഇനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങള്‍ ഉപയോഗിച്ചതിനുമായി 290.74 കോടി രൂപ നല്‍കേണ്ടതുണ്ട് എന്നതാണ് നിലവിലുള്ള സ്ഥിതി. എസ്ഡിആര്‍എഫിലുള്ള തുക മുഴുവന്‍ വിനിയോഗിച്ചാലും ബാധ്യതപ്പെട്ട തുക മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ നിലവിലുള്ള ഫണ്ട് പര്യാപ്തമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

31,000 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമുണ്ടെന്നാണ് യുഎന്‍ ഏജന്‍സികളുടെ കണക്കുകളിലൂടെ വ്യക്തമാകുന്നത്. ഈ പണം സ്വരൂപിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനുവേണ്ടി വിവിധതരത്തിലുള്ള വിഭവസമാഹരണ രീതികള്‍ ആവിഷ്‌ക്കരിക്കേണ്ടി വരും.

ശാസ്ത്രീയമായ പഠനങ്ങളുടെയും പ്രവാസികളുള്‍പ്പെടെ പുതിയ നിര്‍മ്മാണ സാങ്കേതികവിദ്യകളില്‍ അറിവും പരിചയവും അനുഭവവും ഉള്ളവരുടെയെല്ലാം അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പുനര്‍നിര്‍മ്മാണം നടത്തുക. പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ തകര്‍ന്നുപോകാത്ത നിര്‍മ്മാണങ്ങളാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്. ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സവിശേഷതകളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിര്‍മ്മാണമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

റോഡുകളെ ഉയര്‍ത്തിക്കൊണ്ടും നീരൊഴുക്കിനുള്ള ശേഷി മെച്ചപ്പെടുത്തിക്കൊണ്ടും മാത്രമേ ഇത് നടപ്പിലാക്കാനാവൂ. മണ്ണിന്റെ ഘടനാപരമായ സവിശേഷതകളും ഭൗമരൂപ-ജലശേഖര പഠനങ്ങള്‍ ഉള്‍പ്പെടെയുള്ള മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങളും ഉള്‍ക്കൊണ്ടുമായിരിക്കും പുനര്‍നിര്‍മ്മാണ പദ്ധതി തയ്യാറാക്കുക. പദ്ധതികളുടെ ദീര്‍ഘകാല നിലനില്‍പ്പിനും ദുരന്തങ്ങളെ അതിജീവിക്കാനുള്ള ശേഷിയും ഇതുവഴി ഉറപ്പുവരുത്താനാവും.

പദ്ധതികള്‍ കാര്യക്ഷമമായി ദീര്‍ഘകാലം പ്രവര്‍ത്തിക്കണമെങ്കില്‍ അവയുടെ നടത്തിപ്പിന് ചുമതലപ്പെട്ട ഏജന്‍സികളുടെ സാങ്കേതികവും നിര്‍വ്വഹണപരവുമായ ശേഷി വളരെ പ്രധാനമാണ്. അതിനാല്‍ Rebuild Kerala Initiative ന്റെ കീഴില്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെയും വകുപ്പുകളുടെയും ശേഷി വികസനത്തിനുള്ള നടപടികളുണ്ടാകും. സാങ്കേതിക സ്ഥാപനങ്ങളുടെ സഹായവും ആഗോളതല മികവുറ്റ സങ്കേതങ്ങളുടെ മാതൃകകളും ഇതിനായി ഉപയോഗപ്പെടുത്തും.

വളരെ വിപുലമായ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനമാണ് നമുക്ക് ഏറ്റെടുക്കാനുള്ളത്. അതുകൊണ്ട് തന്നെ പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കാനും അത് നടപ്പിലാക്കാനും കഴിയേണ്ടതുണ്ട്. അതിനായി ചുവപ്പുനാടകളില്‍ നിന്ന് വിമുക്തമായ രീതിയില്‍ ഇതിനെ മുന്നോട്ടുകൊണ്ടുപോകും.

ഗണ്യമായ തോതില്‍ പരിസ്ഥിതി സംരക്ഷണ പ്രകൃതി സൗഹൃദ ഇടപെടലുകള്‍ ആവശ്യമായ വികസന പദ്ധതികളും ഇതിന്റെ ഭാഗമായി ഉയര്‍ന്നുവരുന്നുണ്ട്. വിവിധ പ്രദേശങ്ങളില്‍ ആ മേഖലയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കൂടി കണക്കിലെടുത്തുകൊണ്ടാവണം ഇത് നടപ്പിലാക്കേണ്ടത്.

ചില വികസന പദ്ധതികളും ഇതിന്റെ ഭാഗമായി മുന്നോട്ടുവയ്ക്കുന്നുണ്ട്. മുഖ്യ വ്യവസായ വാണിജ്യ കേന്ദ്ര സ്ഥാനമെന്ന നിലയ്ക്ക് കൊച്ചിയുടെ സമഗ്ര വികസനം, പ്രധാന മെട്രോ നഗരങ്ങളായ തിരുവനന്തപുരത്തിന്റെയും കോഴിക്കോടിന്റെയും സമഗ്ര പശ്ചാത്തല സൗകര്യ വികസനത്തിനുള്ള പദ്ധതി, പതിനാലു ജില്ലകളിലും ഭാവികേരളത്തെ അടയാളപ്പെടുത്തുന്ന തരത്തിലുള്ള മാതൃകാ പദ്ധതികള്‍ തുടങ്ങിയവയാണ് അതിൽ ചിലത്. ഇവയ്ക്ക് ഓരോന്നിനും നിര്‍വ്വഹണത്തിലും ധനവിഭവ ആവശ്യത്തിലും വ്യത്യസ്തമായ സമീപനങ്ങളാണ് ആവശ്യമായുള്ളത്. അവ ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ