കണ്ണൂർ: അമേരിക്കയ്ക്ക് ഒപ്പം ചേർന്ന് ഇന്ത്യയും ചൈന വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കൻ താൽപര്യം അനുസരിച്ചുളള വിദേശനയമാണ് ചൈനയുടെ കാര്യത്തിൽ ഇന്ത്യ സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോകത്തിലെ വൻശക്തിയായി ചൈന വളർന്നുകൊണ്ടിരിക്കുകയാണ്. ചൈനയെ തകർക്കാനുളള ശ്രമങ്ങളാണ് അമേരിക്ക നടത്തുന്നത്. അമേരിക്കയുടെ സഖ്യകക്ഷിയായി ഇന്ത്യയും മാറിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇനി ലോകയുദ്ധമുണ്ടായാൽ അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളും അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് ഇന്ത്യയിലെ തുറമുഖങ്ങളും ഉപയോഗിക്കാൻ കഴിയുമെന്നും പിണറായി പറഞ്ഞു.
കോൺഗ്രസുമായി ഒരു തരത്തിലുള്ള ധാരണയും തിരഞ്ഞെടുപ്പ് സഖ്യവും ഉണ്ടാക്കരുതെന്നാണു സിപിഎം നയം. ഏതെങ്കിലും മുന്നണികളുമായി ഏച്ചുകൂട്ടിയ സംവിധാനങ്ങൾ കൊണ്ട് ബിജെപിയെ പ്രതിരോധിക്കാൻ കഴിയില്ല. അതിന് ശരിയായ നയസമീപനത്തിലൂടെ രൂപപ്പെടുത്തിയ ബദലിനേ കഴിയൂ. ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇതിനായി എല്ലാ മതേതര ജനാധിപത്യ ശക്തികളെയും ഒന്നിച്ചുചേർക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.