/indian-express-malayalam/media/media_files/uploads/2018/11/Pinarayi.jpg)
തിരുവനന്തപുരം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വാഗണ്‍ ട്രാജഡി ചിത്രീകരിച്ചിരിക്കുന്ന ചുമര്‍ ചിത്രം മാറ്റിയതിനെതിരെ രൂക്ഷവിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യസമരചരിത്രത്തെ തന്നെ അവഹേളിക്കുന്ന നടപടി കൈകൊണ്ട റെയില്‍ അധികൃതര്‍ സംഘപരിവാര്‍ ഗ്രൂപ്പുകളുടെ അജണ്ട നടപ്പാക്കുകയാണ് ചെയ്തതെന്ന് പിണറായി ആരോപിച്ചു.
'വാഗണ്‍ ട്രാജഡി ചിത്രം സംഘപരിവാറിനെ ഇത്രയും വിറളിപിടിപ്പിക്കുന്നതു എന്തുകൊണ്ടാണെന്ന് നാം തിരിച്ചറിയണം. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണാധികാരം ഉപയോഗിച്ച് ഇന്ത്യയുടെ ചരിത്രം വികൃതമായി മാറ്റിയെഴുതാന്‍ ആര്‍.എസ്.എസ്. നടത്തുന്ന ശ്രമങ്ങള്‍ നമുക്കറിയുന്നതാണ്. ഇപ്പോള്‍ സ്വാതന്ത്ര്യസമരം എന്ന് കേള്‍ക്കുന്നതു തന്നെ ഇക്കൂട്ടര്‍ക്ക് അലര്‍ജിയായി മാറിയിരിക്കുന്നു' തന്റെ ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി കടുത്ത വിമര്‍ശം ഉന്നയിച്ചിരിക്കുന്നത്.
'സന്ദര്‍ഭം കിട്ടിയപ്പോഴെല്ലാം ബ്രിട്ടീഷുക്കാര്‍ക്കു വേണ്ടി വിടുവേല ചെയ്ത പാരമ്പര്യമാണ് ആര്‍.എസ്.എസ്സിനുളളത്. ഇത്തരം ആളുകള്‍ ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവര്‍ണ ഏടുകള്‍ ഓര്‍ക്കാന്‍ തന്നെ ഭയപ്പെടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഇന്ത്യന്‍ റെയില്‍വെ പോലുളള ഒരു പൊതുസ്ഥാപനം സംഘപരിവാറിന്റെ താല്‍പര്യത്തിന് വഴങ്ങി വാഗണ്‍ ട്രാജഡി ചിത്രം മാറ്റാന്‍ തീരുമാനിച്ചത് ദേശവിരുദ്ധ നടപടിയായിട്ടേ കാണാന്‍ കഴിയൂ' എന്നും മുഖ്യമന്ത്രി പറയുന്നു. ഈ നടപടി തിരുത്തണമെന്ന് റെയില്‍വെയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാന ഏടായ വാഗണ്‍ ട്രാജഡി ചിത്രീകരിക്കുന്ന ചുമര്‍ ചിത്രം തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നീക്കിയ നടപടി അത്യന്തം ഹീനമാണ്. നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തെ അവഹേളിക്കലാണിത്. ദേശാഭിമാനികളും ജനാധിപത്യവിശ്വാസികളുമായ ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധമുയര്‍ത്തണം.
റെയില്‍വെ സ്റ്റേഷനുകള്‍ ഭംഗിയാക്കാന്‍ ഇന്ത്യന്‍ റെയില്‍വെ ദേശീയതലത്തില്‍ നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായാണ് ചരിത്രസംഭവങ്ങളും സാംസ്‌കാരിക മുന്നേറ്റങ്ങളും അടയാളപ്പെടുത്താനുളള തീരുമാനമുണ്ടായത്. ദേശീയമായും പ്രാദേശികമായും പ്രാധാന്യമുളള ചരിത്ര സംഭവമെന്ന നിലയില്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വാഗണ്‍ ട്രാജഡിയുടെ ചുവര്‍ ചിത്രവും ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ചിത്രവും വരച്ചിരുന്നു. എന്നാല്‍ ചില സംഘപരിവാര്‍ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രം നീക്കാന്‍ റെയില്‍വെയുടെ ഉന്നത അധികാരികള്‍ തീരുമാനിക്കുകയാണുണ്ടായത്.
വാഗണ്‍ ട്രാജഡി ചിത്രം സംഘപരിവാറിനെ ഇത്രയും വിറളിപിടിപ്പിക്കുന്നതു എന്തുകൊണ്ടാണെന്ന് നാം തിരിച്ചറിയണം. ബ്രിട്ടീഷുകാര്‍ക്കെതിരെ 1921-ല്‍ നടന്ന മലബാര്‍ കലാപത്തില്‍ പങ്കെടുത്ത നൂറോളം പേരെ തടവുകാരായി പിടിച്ചശേഷം ഗൂഡ്‌സ് വാഗണില്‍ കുത്തിനിറച്ച് കോയമ്പത്തൂരിലെ പോത്തന്നൂര്‍ ജയിലിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്. പോത്തന്നൂരില്‍ എത്തിയപ്പോള്‍ ജയിലില്‍ സ്ഥലമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. അടച്ചുമൂടിയ വാഗണില്‍ ശ്വാസം കിട്ടാതെ 67 പേരാണ് മരിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ദേശീയതലത്തില്‍ വലിയ പ്രതിഷേധമുയര്‍ത്തിയ സംഭവമായിരുന്നു ജാലിയന്‍ വാലാബാഗിനെ അനുസ്മരിപ്പിക്കുന്ന വാഗണ്‍ ട്രാജഡി.
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണാധികാരം ഉപയോഗിച്ച് ഇന്ത്യയുടെ ചരിത്രം വികൃതമായി മാറ്റിയെഴുതാന്‍ ആര്‍.എസ്.എസ്. നടത്തുന്ന ശ്രമങ്ങള്‍ നമുക്കറിയുന്നതാണ്. ഇപ്പോള്‍ സ്വാതന്ത്ര്യസമരം എന്ന് കേള്‍ക്കുന്നതു തന്നെ ഇക്കൂട്ടര്‍ക്ക് അലര്‍ജിയായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്.എസ്സിന് ഒരു പങ്കുമില്ലെന്നത് ചരിത്ര സത്യമാണ്. സന്ദര്‍ഭം കിട്ടിയപ്പോഴെല്ലാം ബ്രിട്ടീഷുക്കാര്‍ക്കു വേണ്ടി വിടുവേല ചെയ്ത പാരമ്പര്യമാണ് ആര്‍.എസ്.എസ്സിനുളളത്. ഇത്തരം ആളുകള്‍ ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവര്‍ണ ഏടുകള്‍ ഓര്‍ക്കാന്‍ തന്നെ ഭയപ്പെടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഇന്ത്യന്‍ റെയില്‍വെ പോലുളള ഒരു പൊതുസ്ഥാപനം സംഘപരിവാറിന്റെ താല്‍പര്യത്തിന് വഴങ്ങി വാഗണ്‍ ട്രാജഡി ചിത്രം മാറ്റാന്‍ തീരുമാനിച്ചത് ദേശവിരുദ്ധ നടപടിയായിട്ടേ കാണാന്‍ കഴിയൂ.
ഈ നടപടി തിരുത്തണമെന്ന് റെയില്‍വെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.