തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തോല്‍വി അപ്രതീക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ ഇങ്ങനെയൊരു ഫലം ഉണ്ടാകുമെന്ന് വിചാരിച്ചതല്ല. ഇതൊരു താല്ക്കാലികമായ തിരിച്ചടിയാണ്. സ്ഥായിയായ ഒരു കാര്യമല്ലെന്നും തോല്‍വിയെ കുറിച്ച് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
Read More: അടിതെറ്റിയത് പിണറായിക്കോ?; വിറങ്ങലിച്ച് ഇടതുകോട്ടകള്‍
തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മനസിലാക്കാന്‍ സാധിക്കാത്ത ചില വിഷയങ്ങളുണ്ടായിട്ടുണ്ട്. അത് വരും ദിവസങ്ങളില്‍ പാര്‍ട്ടി പരിശോധിക്കും. രാജ്യത്തിന്റെ ഭാവിയില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടായിരുന്നു. മോദി ഭരണം വീണ്ടും വരരുതെന്ന് ആഗ്രഹിച്ച ജനങ്ങളാണ് കേരളത്തിലുള്ളത്. അവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. കേന്ദ്രത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് വേണം എന്ന വിശ്വാസത്തിലാണ് അവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. അതിനൊപ്പം രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്തവും ഒരു കാരണമായി. ആരോട് മത്സരിക്കാനാണ് രാഹുല്‍ കേരളത്തിലേക്ക് വരുന്നതെന്ന് അന്ന് തന്നെ ഇടതുപക്ഷം ചോദിച്ചിരുന്നു. എന്തിനാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എത്തിയതെന്ന് എല്ലാവര്ക്കും മനസിലായില്ലേ എന്നും പിണറായി വിജയന് ചോദിച്ചു.
Read More: ശബരിമല വിഷയത്തില്‍ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഒപ്പം: രമ്യ ഹരിദാസ്
ശബരിമല വിഷയമല്ല തോല്‍വിക്ക് പൂര്‍ണമായ കാരണമെന്ന് പിണറായി പറഞ്ഞു. താനല്ല, മറ്റ് ആരെങ്കിലും മുഖ്യമന്ത്രിയായിരുന്നെങ്കിലും ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുകയേ നിവൃത്തിയുള്ളൂ. അതാണ് ഈ സര്‍ക്കാരും ചെയ്തത്. ശബരിമല മാത്രമാണ് കാരണമെങ്കില്‍ ബിജെപിക്കായിരുന്നു വോട്ട് കിട്ടേണ്ടത്. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പോയി. അവിടെ സ്ഥാനാര്‍ഥിയടക്കം പറഞ്ഞിരുന്നത് ബിജെപി പിടിച്ചെടുക്കുമെന്നാണ്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പല തെറ്റിദ്ധാരണകളും ഉണ്ടായി. അത് പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ വിരുദ്ധ വികാരമല്ല തിരഞ്ഞെടുപ്പ് ഫലത്തിന് കാരണം. സര്‍ക്കാര്‍ നന്നായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെതിരായ വികാരമായി ജനങ്ങള്‍ കാണുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിനിപ്പോഴും ജനങ്ങളിൽ നിന്ന് നല്ല അംഗീകാരമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ശൈലി മാറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. “എന്റെ ശൈലി എന്റെ ശൈലി തന്നെയായിരിക്കും. അതില്‍ യാതൊരു മാറ്റവും വരില്ല. അതിനെ പറ്റി തെറ്റിദ്ധരിക്കുകയൊന്നും വേണ്ട. ആര്‍ക്കാ ധാര്‍ഷ്ട്യം, ആര്‍ക്കാ ധാര്ഷ്ട്യമില്ലാത്തത് എന്നൊക്കെ ജനങ്ങള്‍ക്കറിയാം. അത് ജനങ്ങള്‍ തന്നെ വിലയിരുത്തും. ഞാന്‍ ഈ നിലയിലേക്ക് എത്തിയത് ഇത്രയും കാലത്തുള്ള എന്റെ ശൈലിയിലൂടെയാണ്. ആ ശൈലിയെല്ലാം ഇനിയും തുടരുക തന്നെ ചെയ്യുമെന്നും” പിണറായി വിജയന് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്. 19 ഇടത്തും യുഡിഎഫ് സ്ഥാനാർഥികളാണ് വിജയിച്ചത്. ഇടത് മുന്നണിക്ക് വലിയ തോതിൽ വോട്ട് ചോർച്ചയുണ്ടായി. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാജി ആവശ്യം മുഖ്യമന്ത്രി പൂർണമായും തള്ളികളഞ്ഞു.