തിരുവനന്തപുരം: എആർ നഗർ ബാങ്കുമായി ബന്ധപ്പെട്ട് കെടി ജലീൽ എംഎൽഎ ഉന്നയിച്ച വാദങ്ങളോട് പ്രതികരിച്ചത് ജലീലിനെ തള്ളിപ്പറയലല്ല എന്ന് മുഖ്യമന്ത്രി. കേരളത്തിലെ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇഡി ഇടപെടേണ്ടെന്നാണ് താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
എആർ നഗർ ബാങ്കിനെതിരെ ജലീൽ ഉന്നയിച്ച വാദങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ നയങ്ങളുടെ ഭാഗമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലീൽ വ്യക്തിവിരോധം തീർക്കുകയാണെന്ന് ആര് പറഞ്ഞെന്നും മുഖ്യമന്ത്രി ചോദിച്ചു.
“കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങളുണ്ടായാൽ അതിൽ നടപടികളെടുക്കാൻ സഹകരണ വകുപ്പ് സംവിധാനം ഉണ്ട്. ജലീൽ പറഞ്ഞ ബാങ്കിനെതിരെ സഹകരണ വകുപ്പ് അന്വേഷണം നടത്തിയതാണ്. അത് പിന്നീട് കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇഡി ഇടപെടേണ്ടെന്നാണ് ഞാൻ പറഞ്ഞത്,” ജലീൽ പറഞ്ഞു.
“പിന്നീട് ജലീൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട് താൻ ഇഡി വരണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന്. ഇതുമായി ബന്ധപ്പെട്ട് എന്തെെങ്കിലും ഇഡി അന്വേഷിക്കണമെന്ന് താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അതിന് സഹകരണ വകുപ്പ് ഉണ്ടെന്ന് തന്നെയാണ് താൻ കരുതുന്നതെന്നുമാണ് ജലീൽ പറഞ്ഞത്,” മുഖ്യമന്ത്രി പറഞ്ഞു.
“ജലീലിനെ സിപിഎം തള്ളിയിരിക്കുകയാണ് എന്ന പ്രചരണം ചിലര് സന്തോഷ പൂർവം നടത്തുന്നതായി കണ്ടു. അദ്ദേഹത്തോട് ഒരു കാര്യം ഈ പത്ര സമ്മേളനത്തിൽ വ്യക്തമാക്കിയെന്നത് ശരിയാണ്. അതിന്റെ അർത്ഥം അദ്ദേഹത്തെ തള്ളലല്ല. അദ്ദേഹം നല്ല രീതിയിലുള്ള സഹയാത്രികനായാണ് നിലനിൽക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.