/indian-express-malayalam/media/media_files/uploads/2019/01/Pinarayi1.jpg)
തിരുവനന്തപുരം: ഹര്‍ത്താലിനിടെ സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയാന്‍ നിയമം കൊണ്ടു വരാന്‍ സര്‍ക്കാര്‍. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കും. 'സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കല്‍ തടയല്‍ ഓര്‍ഡിനന്‍സ് 2019' എന്ന പേരിലാകും ഓര്‍ഡിനന്‍സ്. മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം അറിയിച്ചത്.
ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമാണ് സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നതെന്നും ആക്രമണത്തിന് നേതൃത്വം കൊടുത്തവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതാകും പുതിയ നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹര്‍ത്താലിന്റെ മറവിലുള്ള അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തില്‍ ക്രമസമാധാനം തകര്‍ക്കാന്‍ സംഘപരിവാര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നടന്ന അക്രമങ്ങളില്‍ 91.7 ശതമാനവും സംഘപരിവാര്‍ സംഘടനകള്‍ നടത്തിയതാണെന്നും നേരത്തെ തന്നെ ആസൂത്രണം ചെയ്തായിരുന്നു സംഘപരിവാര്‍ ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അക്രമികളെ അറസ്റ്റ് ചെയ്യുന്നതിനെതിരെ ചിലര്‍ രംഗത്തെത്തിയിട്ടുണ്ടെന്നും അതെല്ലാം വേറെ സംസ്ഥാനത്ത് മതിയെന്നും പറഞ്ഞ മുഖ്യമന്ത്രി മറ്റ് ചില സംസ്ഥാനത്ത് പട്ടാപ്പകല്‍ അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കും പക്ഷെ കേരളത്തില്‍ ആ കളി വേണ്ടെന്നും പറഞ്ഞു. അതൊന്നും ഇവിടെ നടക്കില്ല. വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട. അതൊന്നും ഇവിടെ നടക്കില്ല. അതിനുള്ള ശേഷി അവര്‍ക്കില്ലെന്ന് ബോധ്യപ്പെട്ടതാണല്ലോ. ആ കാലമൊക്കെ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കുന്നതിനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. നിലവിലുള്ള സംവരണം തകര്‍ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക സംവരണം സിപിഎം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.