തിരുവനന്തപുരം: കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുന്ന കൂടാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തകര്‍ച്ചയുടെ ഭാഗമായി നില്‍ക്കേണ്ടതില്ല എന്ന് ചിന്തിക്കുന്ന പലരും തീരുമാനിച്ചുവെന്ന് വരും. അതാണ് ഇപ്പോള്‍ ഒരു പ്രത്യേക രീതിയിലേക്ക് എത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
“നേരത്തെ പലരും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. അങ്ങനെ നേതാക്കള്‍ പോകുന്നതിനെ തടയാന്‍ കോണ്‍ഗ്രസ് നേതൃത്വം പലതരത്തില്‍ ഇടപെട്ടതിനെക്കുറിച്ച് ഏറക്കുറെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ബിജെപിയിലേക്ക് പോകുമെന്ന് പരസ്യമായി പറഞ്ഞ കോണ്‍ഗ്രസ് നേതാക്കന്മാരുണ്ട്,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
“ഇപ്പോള്‍ ഗുണപരമായ കാര്യം എന്തെന്നാല്‍ ബിജെപി ഭരണത്തിലേക്ക് എത്തിയിരിക്കുന്നു. അവര്‍ സ്വീകരിക്കുന്ന നയം രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് വഴി വയ്ക്കുന്നതാണ്. അത് മതനിരപേക്ഷതയ്ക്കും മൂല്യങ്ങള്‍ക്കും എതിരായുള്ള നിലപാടാണ്. രാജ്യത്തിന്റെ തകര്‍ച്ചയ്ക്കായി പ്രവൃത്തിക്കുന്ന ബിജെപിയെ ആ രീതിയില്‍ നേരിടാനല്ല കോണ്‍ഗ്രസ് ശ്രമിക്കുന്നത്,” പിണറായി വിജയന്‍ വ്യക്തമാക്കി.
“ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസിന് അകത്തുള്ള ആളുകള്‍ മനസിലാക്കിയിരിക്കുന്നു. ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണെന്ന് അത്തരക്കാര്‍ക്ക് അറിയാം. അതിനാലാണ് പ്രധാനപ്പെട്ട നേതാക്കള്‍ തന്നെ ഇടതുപക്ഷത്തിലേക്ക് വരാന്‍ തയാറാകുന്നതും സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വരുന്നതും. പ്രധാനികള്‍ പലരും എത്തിക്കഴിഞ്ഞു, നാളെ എന്താകുമെന്ന് കണ്ടറിയാം,” അദ്ദേഹം പറഞ്ഞു.