തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയത് നന്നായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷത അവര്‍ക്ക് ബോധ്യപ്പെട്ടതിന്റെ തെളിവാണ് സമരവേദി മാറ്റാനുള്ള തീരുമാനമെന്ന് പിണറായി പറഞ്ഞു. സര്‍ക്കാര്‍ നിലപാട് ജനം സ്വീകരിച്ചുവെന്നാണ് ബിജെപി ശബരിമലയിലെ സമരം അവസാനിപ്പിച്ചെന്ന് പറയുമ്പോള്‍ മനസിലാകുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരുപാട് സമരങ്ങള്‍ സാധാരണ നടക്കാറുണ്ട്. അതില്‍ പുതുമയൊന്നുമില്ലെന്നും സമരം ചെയ്യുന്നതില്‍ ഒരു തെറ്റും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, അവര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ചിലത് ഉന്നയിക്കാന്‍ പറ്റുന്നതാണോ എന്ന് അവര്‍ തന്നെ ചിന്തിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നീതി നിര്‍വഹണത്തിനെതിരായാണ് ബി.ജെ.പി മുന്നോട്ട് പോകുന്നതെങ്കില്‍ മുന്‍ സമരങ്ങളുടെ ഗതി തന്നെ ഇതിനുമുണ്ടാകുമെന്ന് അവര്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് ബോധോദയമുണ്ടായി. ബി.ജെ.പിയുടെ സെക്രട്ടറിയേറ്റ് ഉപവാസം സാധാരണ നടപടി മാത്രമാണ്. എന്നാല്‍, അവര്‍ ഉന്നയിച്ച ആവശ്യങ്ങളെ കുറിച്ച് ചിന്തിക്കണം. കെ.സുരേന്ദ്രന്റെ കേസ് പരിഗണിക്കലല്ല തന്റെ ഓഫീസിന്റെ ജോലി’ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരത്തിന് ഇല്ലെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കകം തീരുമാനം മാറ്റുകയായിരുന്നു ബിജെപി. പാര്‍ട്ടി വീണ്ടും സമര രംഗത്തേക്ക് എത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള അറിയിച്ചു. നിരോധനാജ്ഞ പിന്‍വലിക്കുക, സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉന്നയിച്ച് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ നിരാഹരമിരിക്കും.

ഡിസംബര്‍ മൂന്ന് മുതല്‍ രാധാകൃഷ്ണന്‍ സെക്രട്ടറിയേറ്റിന് മുന്നിലായി 15 ദിവസത്തേക്ക് നിരാഹാരമിരിക്കുമെന്ന് ശ്രീധരന്‍പിള്ള അറിയിച്ചു. ബിജെപി നേതൃയോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു ബിജെപി നേതൃത്വം സമരം മുറയിലെ മാറ്റം അറിയിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ