കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാരെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ ഉന്നതന്റെ അറസ്റ്റോടെ സര്‍ക്കാര്‍ നിലപാട് വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ എത്ര കാര്‍ക്കശ്യത്തോടെയാണു സംസ്ഥാന ഇടപെട്ടതെന്നത് എല്ലാവര്‍ക്കും ഓര്‍മയുള്ള കാര്യമാണ്. എല്‍ഡിഎഫായിരുന്നില്ല അന്ന് അധികാരത്തിലെങ്കില്‍ കുറ്റാരോപിതര്‍ കയ്യും വീശി നെഞ്ചും വിരിച്ച് സമൂഹത്തിനു മുന്നില്‍ നടന്നുപോകുമായിരുന്നു. എന്നാല്‍ അത്തരം ആളുകളുടെ കൈകളില്‍ നീതിയുടെ വിലങ്ങെത്തിച്ചത് കാര്യക്ഷമതയോടെയുള്ള ഇടപെടലിന്റെ ഭാഗമാണെന്നതു നാം കാണേണ്ടതുണ്ട്.
എത്ര ഉന്നതരായാലും കേസന്വേഷണത്തിനു മുന്നില്‍ വിലപ്പോവില്ലെന്നത് ആ ഘട്ടത്തിലുള്ള അറസ്റ്റും തുടര്‍നടപടികളും വ്യക്തമാക്കിയിട്ടുള്ളതാണ്. അക്കാലത്ത് യുഡിഎഫായിരുന്നു ഭരിച്ചിരുന്നെങ്കില്‍ അങ്ങനെയൊരു അറസ്റ്റ് നടക്കുമായിരുന്നോ എന്നാണ് നാം ആലോചിക്കേണ്ടത്. അന്ന് എല്ലാവരും പറഞ്ഞു, ഇത് എല്‍ഡിഎഫിന്റെ ഭരണമായതുകൊണ്ടു മാത്രണ് നടന്നത്, അല്ലെങ്കില്‍ നടക്കുമായിരുന്നില്ലെന്ന്.
Also Read: തൃക്കാക്കരപ്പോരില്‍ പ്രധാന ചര്‍ച്ചയായി നടിയെ ആക്രമിച്ച കേസ്; ഫലിക്കുമോ ഭരണമുന്നണിയുടെ പ്രതിരോധം?
ഇത്തരം കാര്യങ്ങളില്‍ യുഡിഎഫ് എല്ലാ കാലത്തും പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന സമീപനമാണു സ്വീകരിച്ചത്. എന്നാല്‍ പഴുതടച്ച കേസന്വേഷണ രീതിയാണു സര്‍ക്കാര്‍ കൈക്കൊണ്ടത്. പ്രതികളെ ഒന്നൊന്നായി പിടിക്കുന്ന കാഴ്ചയാണു നാം കണ്ടത്. ക്വട്ടേഷന്‍ കൊടുത്ത കാര്യം ഇവരുടെ മൊഴികളിലൂടെയെല്ലാം പൊലീസിനു ലഭിച്ചു. അങ്ങനെയാണ് ആ കേസിലെ പ്രധാന പ്രതിയും ജയിലിലേക്കെത്തുന്നത്. അതിലൊന്നും ഒരു കൈവിറയലും പൊലീസിനുണ്ടായില്ല. ശക്തമായ നടപടിയുമായി പൊലീസ് മുന്നോട്ടുപോയി.
അക്രമത്തിനിരയായ നടിയോടൊപ്പം എല്ലാ ഘട്ടത്തിലും നില്‍ക്കാനാണു സര്‍ക്കാര്‍ ശ്രദ്ധിച്ചത്. കേസ് കൃത്യമായി അതിന്റെ വഴിക്കുപോകണമെന്ന ധാരണയോടെയാണു സര്‍ക്കാര്‍ ഇടപെട്ടത്. ജിഷയ്ക്കും ഉത്രയ്ക്കും വിസ്മയക്കും ലഭിച്ച നീതി അതിജീവിതയ്ക്കും ഉറപ്പുവരുത്തും. കേസന്വേഷണത്തിന് എല്ലാ സ്വാതന്ത്ര്യവും പൊലീസിനുണ്ട്. എത്ര ഉന്നതനായാലും സര്‍ക്കാര്‍ തടയില്ല.
അക്രമത്തിനിരയായ നടി ആവശ്യപ്പെട്ടതനുസരിച്ച് വനിതാ ജഡ്ജി, പ്രത്യേക കോടതി എന്നിവ ലഭ്യമായി. പബ്ലിക് പ്രോസിക്യൂട്ടര്‍ ആരുവേണമെന്ന് സ്വീകരിക്കാനുള്ള അവസരവും അതിജീവിതയ്ക്കു സര്‍ക്കാര്‍ നല്‍കി.
കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുതിയ വെളിപ്പെടുത്തലുമായി വരുന്നത്. സ്വാഭാവികമായും അത് ഗൗരവമുള്ള കാര്യമാണ്. പുനരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേസില്‍ പ്രതിയായ ആള്‍ ഹര്‍ജി നല്‍കി. എന്നാല്‍ കോടതി ക്രൈംബ്രാഞ്ചിന് അനുകൂലമായാണ് വിധി പുറപ്പെടുവിച്ചത്. തുടരന്വേഷണത്തിനു മൂന്നുമാസം കൂടി വേണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതെല്ലാം ചെയ്തത് കേസ് കൃത്യമായി മുന്നോട്ടുപോകണമെന്ന ധാരണയോടെയാണ്.
പണ്ടുകാലത്ത് സര്‍ക്കാരില്‍ ഇരുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ വെള്ളം ചേര്‍ത്ത അനുഭവമുള്ളതുകൊണ്ട്, അതായിരിക്കും ഇപ്പോഴും നടക്കുന്നതെന്ന ധാരണയോടെ പറഞ്ഞാല്‍ അത് ഇങ്ങോട്ട് ഏശില്ല. അതെല്ലാം അവിടെത്തന്നെ കിടന്നോളണം എന്നാണ് അത്തരക്കാരോട് പറയാനുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണ് എന്നാണ് വ്യക്തമാക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: ‘സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പം’; തിരഞ്ഞെടുപ്പ് സമയത്തെ നടിയുടെ പരാതി ദുരൂഹമെന്ന് കോടിയേരി