കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വെ ബലപ്പെടുത്തുന്നത് ഉള്‍പ്പടെയുളള പ്രവൃത്തികള്‍ പൂര്‍ത്തിയായതിനാല്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുളള ഹജ്ജ് യാത്രയുടെ കേന്ദ്രമായി കോഴിക്കോട് വിമാനത്താവളത്തെ വീണ്ടും മാറ്റണമെന്നും കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 2015 വരെ കേരളത്തില്‍ നിന്നും ലക്ഷദ്വീപില്‍നിന്നുമുളള ഹജ്ജ് യാത്രയുടെ എംബാര്‍ക്കേഷന്‍ കോഴിക്കോട് വിമാനത്താവളം വഴിയായിരുന്നുവെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.

കേരളത്തില്‍ നിന്നുളള തീര്‍ഥാടകരുടെ 80 ശതമാനവും വടക്കന്‍ ജില്ലകളില്‍നിന്നാണ്. മാത്രമല്ല, കേരള ഹജ്ജ് കമ്മിറ്റി ഓഫീസിന് 3000 തീര്‍ഥാടകരെ താമസിപ്പിക്കുന്നതിനുളള സൗകര്യം കോഴിക്കോട്ടുണ്ട്. എന്നാല്‍ റണ്‍വെയുടെ പ്രവൃത്തി ആരംഭിച്ചപ്പോള്‍ ഹജ്ജ് യാത്രയുടെ കേന്ദ്രം താല്‍ക്കാലികമായി കൊച്ചിയിലേക്ക് മാറ്റുകയാണുണ്ടായത്. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ഇപ്പോള്‍ കോഴിക്കോട്ട് സൗകര്യമുണ്ടെന്ന് എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഈ സാഹചര്യത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുകയും ഹജ്ജ് യാത്രയുടെ എംബാര്‍ക്കേഷന്‍ കോഴിക്കോട്ടുനിന്നാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജു, ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി എന്നിവര്‍ക്കും ഇതും സംബന്ധിച്ച് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.