കണ്ണൂർ: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ കേരളത്തിലെത്തിയപ്പോൾ ശബരിമലയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളൊക്കെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്ന് പറഞ്ഞതൊന്നും ചെയ്യാൻ പറ്റിയില്ലല്ലോയെന്ന് ആലോചിച്ചാകും മോദി ശരണം വിളിച്ചതെന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയിൽ നിയമനിർമാണം നടത്തുമെന്ന് നേരത്തെ കേരളത്തിലെത്തിയപ്പോൾ മോദി പറഞ്ഞിരുന്നു. ഇത് ഉദ്ദേശിച്ചാണ് പിണറായിയുടെ പരിഹാസം.
ബിജെപിക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളം. വർഗീയത ഇളക്കി വിടാനുള്ള ബിജെപിയുടെ നീക്കം ഫലം കാണില്ല. പ്രധാനമന്ത്രി കേരളത്തെ സൊമാലിയയോട് ഉപമിച്ചു. ബിജെപിയുടെ വർഗീയ പ്രചാരണങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
Read Also: ‘അദ്ദേഹം തോളിൽ തട്ടി പറഞ്ഞു, ‘യു ആർ ഡൂയിങ് എ ഗ്രേറ്റ് ജോബ്’; കൃഷ്ണകുമാർ
“ഇപ്പോൾ കേരളത്തിലെത്തി എന്തൊക്കെയോ ചെയ്യുമെന്ന് ചിലർ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കേരളത്തിൽ തുരങ്കം വയ്ക്കുകയാണ് ഇവർ ചെയ്യുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കാതെ ആവശ്യങ്ങൾക്ക് തുരങ്കം വച്ചവർ കേരളത്തിലെത്തി വികസന പ്രശ്നം പറയുകയാണ്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്,” പിണറായി പറഞ്ഞു. പ്രളയ സമയത്ത് വിതരണം ചെയ്ത അരിക്ക് വരെ കണക്കുപറഞ്ഞ് കാശ് വാങ്ങിയവരാണ് കേന്ദ്ര സർക്കാരെന്നും പിണറായി കുറ്റപ്പെടുത്തി.
ഗുരുവായൂരിലും തലശേരിയിലും ബിജെപിക്ക് സ്ഥാനാർഥിയില്ലാത്തത് രഹസ്യ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും പിണറായി പറഞ്ഞു. ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിരോധം കാരണമാണ് കേരളത്തിൽ ബിജെപി വളരാത്തത്. 2016 നേക്കാൾ വോട്ട് ഇത്തവണ ബിജെപിക്ക് കുറയുമെന്നും പിണറായി വിജയൻ ആവർത്തിച്ചു.
കോന്നിയിൽ ശരണം വിളിച്ചാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. ‘സ്വാമിയേ, ശരണമയ്യപ്പ’ എന്ന് അഞ്ച് തവണ അദ്ദേഹം ശരണം വിളിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തിരുന്ന ജനങ്ങളെ കൊണ്ടും ശരണം വിളിപ്പിച്ചു. വലിയ ആവേശത്തോടെയാണ് ജനങ്ങൾ ശരണം വിളി ഏറ്റെടുത്തത്. കൈകൾ മുകളിലേക്ക് ഉയർത്തിയായിരുന്നു മോദിയുടെ ശരണം വിളി.