തിരുവനന്തപുരം: സർവകക്ഷിയോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോഗം ബഹിഷ്കരിച്ചുവെന്നായിരുന്നു യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനു മറുപടിയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

”സുപ്രീം കോടതി വിധി നടപ്പിലാക്കാനേ സർക്കാരിന് കഴിയൂവെന്നും യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഒരു ക്രമീകരണം ഉണ്ടാക്കാമെന്നും പറഞ്ഞാണ് യോഗം അവസാനിച്ചത്. യോഗം അവസാനിച്ചു കഴിഞ്ഞപ്പോൾ പ്രതിപക്ഷ നേതാവ് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോൾ ഞങ്ങൾ സർവകക്ഷിയോഗത്തിൽനിന്നും ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞു. യോഗം അവസാനിച്ചല്ലോ പിന്നെന്ത് ഇറങ്ങിപ്പോകാൻ,” ഇതായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

സർക്കാരിന്റെ നിലപാട് ശരിയല്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിളള പറഞ്ഞത്. സർക്കാരിന് ഈ നിലപാടേ സ്വീകരിക്കാൻ കഴിയൂവെന്ന് പറഞ്ഞു. പ്രതിപക്ഷ നേതാവിനും യുഡിഎഫിനും ബിജെപിക്കും ആ കാര്യത്തോട് യോജിക്കാനാകില്ലെന്ന നിലപാടാണ് അവർ വ്യക്തമാക്കിയത്. അവർക്ക് നല്ല ബുദ്ധി ഉദിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർവകക്ഷി യോഗം വിളിക്കാൻ വൈകിയെന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആദ്യമേ ഇറങ്ങിപ്പോകാൻ കഴിഞ്ഞില്ല എന്ന പരാതി ഉണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ കളിയാക്കിയുളള മറുപടി.

സർവകക്ഷിയോഗം വെറും പ്രഹസനം ആയിരുന്നെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉറച്ചുനിൽക്കുന്നത്. സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഇതൊരു നല്ലൊരു അവസരമായിരുന്നു. പക്ഷേ സർക്കാർ അത് പ്രയോജനപ്പെടുത്തിയില്ല.

ആമുഖ പ്രസംഗത്തിൽ തന്നെ മുഖ്യമന്ത്രി നിലപാടിൽ ഉറച്ചുനിന്നു. ഞങ്ങളുടെ മറുപടി കേട്ടതിനുശേഷം എങ്കിലും മുഖ്യമന്ത്രി നിലപാട് മാറ്റുമെന്ന് കരുതി. പക്ഷേ അത് ഉണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്കരിച്ചത്. റിവ്യൂ ഹർജികളിൽ വാദം കേൾക്കുന്നതുവരെ വിധി നടപ്പിലാക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും അദ്ദേഹം ഇത് ചെവികൊണ്ടില്ലെന്നും യോഗത്തിനുശേഷം പുറത്തെത്തിയ ചെന്നിത്തല പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ