തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിനു തുടക്കം. പൊതുസമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്തു. അധ്യക്ഷത വഹിക്കേണ്ടിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങിനെത്തിയില്ല. അനാരോഗ്യത്തെത്തുടര്‍ന്നു മുഖ്യമന്ത്രിക്കു ഡോക്ടര്‍മാര്‍ വിശ്രമം നിര്ദേശിച്ചിരിക്കുകയാണെന്നു സര്‍ക്കാര്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീക്കര്‍ എം ബി രാജേഷാണ് അധ്യക്ഷത വഹിച്ചത്. യു ഡി എഫ് എംഎല്‍എമാര്‍ ചടങ്ങ് ബഹിഷ്കരിച്ചു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാല്‍, യുഡിഎഫിന്റെ സംഘടനാ പ്രവാസി പ്രതിനിധികളെ വിലക്കിയിട്ടില്ല.
പ്രവാസികള്‍ക്കു ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. യുക്രൈന്-റഷ്യ യുദ്ധകാലത്ത് പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സഹായിച്ച പ്രവാസികള്‍ക്കു നന്ദി. സ്റ്റാര്‍ട്ടപ്പ് രംഗത്ത് സംസ്ഥാനത്തിനു മികച്ച നേട്ടം സ്വന്തമാക്കാനായി. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടിന്റെ അഫോര്‍ഡബിള്‍ ടാലന്റ് റാങ്കിങ്ങില്‍ കേരളം ഏഷ്യയില്‍ ഒന്നാമതെത്തിയതായും ഗവര്‍ണര്‍ പറഞ്ഞു.
Also Read: പെട്രോൾ കിട്ടാതെ മടങ്ങിയോ? കാരണമിതാണ്
ലോക കേരളസഭ വന്നതോടെ പ്രവാസികളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കാന്‍ ജനാധിപത്യ വേദിയുണ്ടായതായി സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. സഭാ സമിതികള്‍ ഏഴു മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തിന്റെ നപുരോഗതിക്കു പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വലുതാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 35 ശതമാനമാണ് പ്രവാസികളുടെ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.
നാളെയും മറ്റന്നാളുമായി നിയമസഭാ മന്ദിരത്തിലാണ് ലോക കേരളാ സഭയുമായി ബന്ധപ്പെട്ട വിവിധ ചര്‍ച്ചകള്‍. 65 രാജ്യങ്ങളില്‍ നിന്നും 21 സംസ്ഥാനങ്ങളില്‍ നിന്നുമായി 351 പ്രതിനിധികളാണ് ഇത്തവണത്തെ ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്. ഇതില്‍ 169 പേര്
നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളും 182 പേര് പ്രവാസികളുമാണ്.
പ്രവാസികളില്‍ രാജ്യത്തിനു പുറത്തുള്ളവര്‍ 104 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഇതരസംസ്ഥാനങ്ങളില്‍നിന്ന് 36 പേരും തിരിച്ചെത്തിയവര്‍ 12 പേരും ഉള്‍പ്പെടുന്നു. പ്രമുഖര്‍ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.