തിരുവനന്തപുരം: വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ജയ് ശ്രീറാം വിളി കേള്‍ക്കേണ്ട എങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി ചന്ദ്രനിലേക്ക് പോകട്ടെ എന്ന് ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അടൂര്‍ ഗോപാലകൃഷ്ണനുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഇരുവരും തമ്മില്‍ ഏതാനും മിനിറ്റ് സംസാരിക്കുകയും ചെയ്തു.

ബി.ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ അടൂര്‍ സ്വീകരിച്ച നിലപാട് ധീരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാര്‍ ആക്രമണമാണ് നടക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി അടൂരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ബിജെപി ഉന്നത നേതൃത്വം പോലും ബി.ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തെ പിന്തുണക്കുകയാണ് ചെയ്തതെന്ന് കുമ്മനം രാജശേഖരന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി പിണറായി പറഞ്ഞു. ഒരാള്‍ ഒരു വിവരക്കേട് പറഞ്ഞെന്ന് കരുതി അതിനെ ന്യായീകരിക്കുകയും പിന്തുണക്കുകയുമാണ് മറ്റ് ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ ചെയ്തതെന്നും പിണറായി വിജയന്‍ അടൂരിനോട് പറഞ്ഞു. തനിക്ക് ചില ഭീഷണി കോളുകള്‍ വന്നിരുന്നുവെന്ന കാര്യം അടൂര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

Read Also: ടിക്കറ്റ് തന്നാല്‍ ചന്ദ്രനിലേക്ക് പോകാം: അടൂര്‍ ഗോപാലകൃഷ്ണന്‍

സംഘപരിവാറിന്റെ ഒരു ശ്രമവും കേരളത്തില്‍ ചിലവാകില്ല എന്ന് അടൂരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അടൂരിന് കേരളത്തിലെ എല്ലാ ജനങ്ങളുടെയും പിന്തുണ ഉണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ചന്ദ്രനിലേക്ക് ടിക്കറ്റെടുത്ത് തന്നാല്‍ താന്‍ പോകാമെന്നായിരുന്നു ബി.ഗോപാലകൃഷ്ണന്റെ ഭീഷണിക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ മറുപടി നൽകിയത്. ജയ് ശ്രീറാം വിളിച്ചുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നു. ഇത് രാജ്യത്തിന് തന്നെ ആപത്താണ്. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇങ്ങനെ പോയാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ആള്‍ക്കൂട്ട കൊലപാതകം രാജ്യത്തിന് ഭൂഷണമല്ല. വീടിന് മുന്നില്‍ ജയ് ശ്രീറാം വിളിക്കാന്‍ ബിജെപിക്കാർ വന്നാല്‍ അവര്‍ക്കൊപ്പം താനും ചേരാം. ജയ് ശ്രീറാം വിളിച്ചുള്ള ആക്രമണങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. കത്തില്‍ കേന്ദ്ര സര്‍ക്കാരിനെയോ മറ്റാരെയോ വിമര്‍ശിച്ചിട്ടില്ലെന്നും അടൂര്‍ പറഞ്ഞു.

Read Also: ‘സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട’; പാര്‍ട്ടിക്കാര്‍ക്ക് മുല്ലപ്പള്ളിയുടെ ഉപദേശം

കേന്ദ്രത്തില്‍ നിന്ന് പുരസ്‌കാരങ്ങളൊന്നും ലഭിക്കാത്തതിനാലാണ് അടൂര്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന ബി.ഗോപാലകൃഷ്ണന്റെ ആരോപണത്തിനും അടൂര്‍ വ്യക്തമായ മറുപടി നല്‍കി. ഒരു സിനിമാ സംവിധായകന്‍ എന്ന നിലയില്‍ ലഭിക്കാവുന്ന എല്ലാ പുരസ്‌കാരങ്ങളും ലഭിച്ചു കഴിഞ്ഞു. നേടാവുന്നതിന്റെ പരാമവധി നേടിയിട്ടുണ്ട്. ഇനിയൊന്നും തനിക്ക് ലഭിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.