കോഴിക്കോട്: മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും തമ്മിൽ ഗൂഢാലോചന നടത്തിയെന്ന് ബിജെപി നേതാവ് എം.ടി.രമശ്. വളാഞ്ചേരിയിലെ ഒരു പ്രമുഖ വ്യവസായിയുടെ വീട്ടിൽ വച്ച് കഴിഞ്ഞ 18 നാണ് ഇരുവരും രഹസ്യ ചർച്ച നടത്തിയത്. അതിനുശേഷമാണ് സിപിഎം സ്ഥാനാർഥിയെ തീരുമാനിച്ചതെന്നും എം.ടി.രമേശ് പറഞ്ഞു.

മുസ്‌ലിം ലീഗുകാരനായ മറ്റൊരു വ്യവസായ പ്രമുഖനും ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട്. സിപിഎം സ്ഥാനാർത്ഥി പട്ടികയിലുണ്ടായിരുന്ന മൂന്ന് പേരുകൾ മറികടന്ന് അപ്രസക്തനായ ആളെ സ്ഥാനാർത്ഥിയാക്കിയത് ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്. മലപ്പുറത്ത് ബിജെപി കോൺഗ്രസ് സഹകരണമെന്ന് ആക്ഷേപിക്കുന്ന വി.എസ്.അച്യുതാനന്ദൻ ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.

പിണറായിയുടെ നീക്കം മനസ്സിലാക്കിയാണ് കോടിയേരി ബാലകൃഷ്ണൻ തിരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചത്. ഐസ്ക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ച അതേ നിലപാടാണ് പിണറായി വിജയന് ഇപ്പോഴുളളത്.

മ ലപ്പുറത്തെ സ്ഥാനാർത്ഥി നിർണ്ണയം എല്ലാ ഘടകകക്ഷികളോടും ആലോചിച്ചതിനുശേഷമാണ് നടത്തിയത്. അവിടെ മത്സരിക്കുന്നത് ബിജെപിയായതിനാലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം ബിജെപി നടത്തിയതെന്നും രമേശ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ