ന്യൂഡൽഹി: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം സംസ്ഥാന സര്‍ക്കാരിന് എതിരെ ഉള്ളതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ വോട്ട് ശതമാനം ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ജനവിധി സംസ്ഥാന സര്‍ക്കാരിന് എതിരായ വിധിയല്ല. എസ്ഡിപിഐ അടക്കമുള്ളവരെ കൂട്ടുപിടിച്ചിട്ടും വേണ്ടത്ര ഭൂരിപക്ഷത്തോടെ ജയിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഒരു ലക്ഷത്തിലധികം ലീഡ് നേടാനായത് എല്‍ഡിഎഫിന്റെ നേട്ടമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 10 ശതമാനം വോട്ടാണ് വര്‍ദ്ധിച്ചത്. യുഡിഎഫിന് കേവലം 77,000ത്തോളം വോട്ടാണ് ഇത്തവണ കൂടുതല്‍ നേടാനായതെന്നും കോടിയേരി പറഞ്ഞു. ബിജെപി രാഷ്ട്രീയം ഇവിടെ വേരോടില്ലെന്നതിന് തെളിവാണ് ജനവിധി. കേരളത്തിലെ ജനങ്ങള്‍ മതനിരപേക്ഷതയ്ക്ക് ഒപ്പമാണെന്നതിന്റെ തെളിവാണ് ബിജെപി നേരിട്ട പരാജയമെന്നും കോടിയേരി വ്യക്തമാക്കി.

മലപ്പുറം ലീഗിന് ഭൂരിപക്ഷമുള്ള പ്രദേശമാണെന്നും അതിനാലാണ് പി.കെ. കുഞ്ഞാലിക്കുട്ടി മികച്ച മുന്നേറ്റം നടത്തിയതെന്നുമാണ് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പ്രതികരിച്ചത്.
കുഞ്ഞാലിക്കുട്ടിയുടേത് മികച്ച വിജയമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുള്ള തിരിച്ചടിയാണ് ജനത്തിന്‍റെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ