കണ്ണൂർ: നാൽപ്പാടി വാസു വധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച ആരോപണത്തിനെതിരെ കെ.സുധാകരന്റെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയ് ഭ്രാന്താണെന്ന് കെ.സുധാകരൻ പറഞ്ഞു.

നാൽപ്പാടി വാസുവെന്ന സിപിഎം പ്രവർത്തകനെ കൊന്നകേസിൽ പിടിയിലായതും ശിക്ഷിക്കപ്പെട്ടതും കെ.സുധാകരന്റെ ഗൺമാനായിരുന്നു. ഈ കേസിൽ യഥാർത്ഥ കുറ്റവാളി കെ.സുധാകരനാണ് എന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. ഇതിനെതിരായാണ് കെ.സുധാകരന്റെ പ്രസ്‌താവന.

“അദ്ദേഹത്തിന് ഭ്രാന്തായിരിക്കാം. ശ്രീ പിണറായി വിജയന് സമചിത്തത നഷ്ടപ്പെട്ട് പോയിരിക്കാം. അല്ലാതെ സാമാന്യം ബുദ്ധിയുളള ഒരാളത് പറയുമെന്ന് എനിക്ക് തോന്നുന്നില്ല. വർഷങ്ങൾ ഇത്രയേറെ കഴിഞ്ഞിട്ട് ഒരു പുതിയ ആരോപണം ഉന്നയിക്കാൻ ഒരു മുഖ്യമന്ത്രിയല്ലേ? തരംതാണ ഈ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഞാൻ പുച്ഛിച്ച് തളളുകയാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വം ഇല്ലായ്മയെ കുറിച്ച് ഞാൻ സ്വയം അദ്ദേഹത്തോട് സഹതപിക്കുകയാണ്”, കെ.സുധാകരൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കെ.സുധാകരന്റെ പ്രസ്താവന. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നിരാഹാര സമരം തുടരുകയാണ് കെ.സുധാകരൻ. സർക്കാർ നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തിൽ പാർട്ടിയുടെ നേതാക്കളുമായി കൂടിയാലോചിച്ച് ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.