scorecardresearch

വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നിരട്ടിയിലധികം വര്‍ധനയാണുണ്ടായിരിക്കുന്നതെന്നു പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

CM Pinarayi Vijayan, K Rail

തിരുവനന്തപുരം: തിരക്കേറിയ അവസരങ്ങളില്‍ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയര്‍ലൈന്‍ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികള്‍ക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും നാട്ടിലെത്താന്‍ ഏപ്രില്‍ രണ്ടാം വാരം മുതല്‍ അഡിഷണല്‍ / ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ഒരുക്കുകയാണു ലക്ഷ്യം. ഇതിനായുള്ള അനുമതി വേഗത്തിലാക്കുന്നതിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചത്.

വിഷു, ഈസ്റ്റര്‍, റംസാന്‍ എന്നിവ ഏപ്രില്‍ രണ്ടും മൂന്നും ആഴ്ചകളില്‍ വരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു നിരവധി മലയാളികളാണു നാട്ടിലേക്കു വരാനൊരുങ്ങുന്നത്. ഇതു മുന്‍നിര്‍ത്തിയാണു ന്യായമായ നിരക്കില്‍ വിമാന യാത്രാ സൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നിരട്ടിയിലധികം വര്‍ധനയാണുണ്ടായിരിക്കുന്നതെന്നു പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫെസ്റ്റിവല്‍ സീസണുകള്‍, സ്‌കൂള്‍ അവധികള്‍ തുടങ്ങിയ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതു സാധാരണ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിനായി നല്‍കേണ്ട അവസ്ഥയാണ് പ്രവാസി തൊഴിലാളികള്‍ക്കുണ്ടാകുന്നത്. നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന കേരള സര്‍ക്കാരിന്റെയും പ്രവാസി സംഘടനകളുടെയും അഭ്യര്‍ഥനകളോട് എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തിരക്കേറിയ അവസരങ്ങളില്‍ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയര്‍ലൈന്‍ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pinarayi vijayan letter to narendra modi flight ticket fares