കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിലേക്ക് ജമാ അത്തെ ഇസ്ലാമിയെ വിളിക്കാതിരുന്നത് ഉചിതമായ തീരുമാനമെന്ന് സമസ്ത. തീവ്ര നിലപാടുള്ള മതരാഷ്ട്രവാദികളെ മാറ്റിനിര്‍ത്തണമെന്നാണ് സമസ്തയുടെ നിലപാട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയത് പ്രാദേശികമായ കൂട്ടുകെട്ടാണെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സംഖ്യമുണ്ടാക്കിയാല്‍ എതിര്‍ക്കുമെന്നും ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയവര്‍ നശിക്കുമെന്നും സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിലെ കോഴിക്കോട് ജില്ലയിലെ പരിപാടിയിൽ നിന്നാണ് ജമാ അത്തെ ഇസ്ലാമിയെ ഒഴിവാക്കിയത്. കോഴിക്കോട് നടന്ന പരിപാടിയിൽ ജമാ അത്തെ ഇസ്ലാമി ഒഴികെയുള്ള എല്ലാ മുസ്ലിം സംഘടനകൾക്കും ക്ഷണമുണ്ടായിരുന്നു.
അതേസമയം, ജമാ അത്തെ ഇസ്ലാമിയെ തള്ളിയ ഇടത് മുന്നണിയുടെ നിലപാട് സമസ്ത സ്വാഗതം ചെയ്തത് വരും ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചയാകും. മുസ്ലിം ലീഗ് അനുകൂല സംഘടനയാണ് സമസ്ത. ഇവർ ഇടത് മുന്നണിയുടെ നിലപാടിനെ പ്രശംസിച്ചത് യുഡിഎഫിലും ചർച്ചയാകും.