തിരുവനന്തപുരം: പ്രളയം കേരളത്തിന്റെ ജൈവവൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായി പഠിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പ്രളയം കേരളത്തിലെ ജൈവവൈവിധ്യമേഖലയൽ സൃഷ്ടിച്ച മാറ്റം പഠിക്കുക.

തദ്ദേശസ്ഥാപനങ്ങളിലെ ബയോഡൈവേര്‍സിറ്റി മാനേജ്മെന്റ് കമ്മിറ്റികളുമായി ചേര്‍ന്നാണ് പഠനം നടത്തുക. പ്രാദേശികമായി സൂക്ഷ്മമായ സര്‍വേ നടത്താനാണ് തീരുമാനം. ഒരു മാസത്തിനകം സർവേ പൂര്‍ത്തിയാകും. ഇതിന് പുറമെ വിദഗ്ധരടങ്ങിയ സംസ്ഥാനതല സമിതി സര്‍വേയും പഠനവും മേൽനോട്ടം വഹിക്കും. ജൈവവൈവിധ്യമേഖലയിലെ വിദഗ്ധരായ നൂറു പേരെ പഠനത്തിന് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തും.

ഈ റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലാകും സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ അറിയിച്ചു.

കേരളത്തിലെ പ്രളയ ദുരന്തത്തിന് കാരണം പാരിസ്ഥിതിക പ്രശ്നങ്ങളാണെന്നും അതിനാൽ​ കേരളത്തിന്റെ പുനർ നിർമ്മാണം അക്കാര്യങ്ങൾ​കൂടി പരിഗണിച്ചാകണമെന്ന ആവശ്യവും നിലവിലെ വികസന മാതൃകകളുമായി ബന്ധപ്പെട്ട ശക്തമായ വിമർശനങ്ങളും ഉയർന്നിരുന്നു. കേരളത്തിലെ ജൈവവൈവിധ്യം തകർക്കുന്ന വികസന സമീപനങ്ങളാണ് നടപ്പാക്കുന്നതെന്ന വിമർശനങ്ങളും ഉയർന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.