എറണാകുളം: പി.എസ്. നടരാജപിളളയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡി വൈ എഫ് ഐ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെട്ടെന്ന് പേര് ഓർമ്മവരാത്തതുകൊണ്ടാണ് ഏതോ ഒരു പിള്ള എന്ന് പറഞ്ഞത്. നടരാജപിളളയോട് ബഹുമാനം മാത്രമാണുള്ളതെന്നും അദ്ദേഹത്തിന്റെ പിതാവിനോടും വിരോധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജഭരണകാലത്താണ് ഭൂമി കണ്ടു കെട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജഭരണകാലത്ത് പിടിച്ചെടുത്ത ഭൂമി തിരിച്ചു നൽകുക സാധ്യമല്ല. ലോ അക്കാദമിക്ക് ഭൂമി പതിച്ചു നൽകിയത് കെ. കരുണാകരനാണ്. ആ ഭൂമി തിരിച്ചുപിടക്കണമെന്ന് പറഞ്ഞാണ് മകന്റെ നിരാഹാരം. ബിജെപിക്കൊപ്പം ചേർന്ന് സർക്കാരിനെ കുഴപ്പത്തിലാക്കാമെന്ന് ആരും കരുതേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

പി.എസ്. നടരാജപിളളയെ കുറിച്ച് നടത്തിയ പരാമർശത്തിന് മുഖ്യമന്ത്രി മാപ്പു പറയണമെന്ന് കെ പി സി സി പ്രസിഡന്റ വി. എം. സുധീരൻ രാവിലെ ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ ലോ അക്കാദമിയിലെ ഭൂമിയെ സംബന്ധിച്ച വിഷയത്തിനുളള ചോദ്യത്തിനിടയിലാണ് ഏതോ ഒരു പിള്ള എന്ന പ്രയോഗം മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. ഇതേ തുടർന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. തുടർന്നാണ് ഇന്ന് വൈകുന്നേരം പൊതുയോഗത്തിൽ മുഖ്യമന്ത്രി തന്റെ നിലപാട് വിശദീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ