തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ ജോസ് കെ.മാണി വിഭാഗത്തിന്റെ പിന്തുണയില്ലെങ്കിലും ഇടതുപക്ഷത്തിനു തുടർഭരണം ലഭിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം വന്നതുകൊണ്ട് ഇടതുപക്ഷത്തിനു പ്രത്യേകിച്ചു നേട്ടമൊന്നും ഇല്ലെന്ന് കാനം പരിഹസിച്ചു. “കേരള കോണ്‍ഗ്രസിന്റെ സഹായമില്ലാതെ ഇടതുമുന്നണിക്ക് കേരളത്തില്‍ തുടര്‍ഭരണം കിട്ടും. ഇനി അത് നശിപ്പിക്കാതിരുന്നാല്‍ മതി,” കാനം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“കേരള കോണ്‍ഗ്രസ് ജോസിന്റെ സ്വാധീനം നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ പാല നിയോജക മണ്ഡലത്തില്‍ തെളിയിച്ചതാണ്. ക്രൈസ്തവ വോട്ടുകള്‍ ആരുടെയും കുത്തകയല്ല. ക്രൈസ്തവ വോട്ടുകള്‍ എല്‍ഡിഎഫിനും കിട്ടും എല്ലാവര്ക്കും കിട്ടും. ആര്‍ക്കെങ്കിലും അതിലൊരു കുത്തക അവകാശപ്പെടാന്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കഴിയില്ല. ജാേസ് കെ.മാണിയെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഇതുവരെ യാതൊരു ചർച്ചയും നടന്നിട്ടില്ല,” കാനം പറഞ്ഞു.
Read Also: സർക്കാർ ശാസ്ത്രീയമായി അഴിമതി നടത്തുന്നു; പുതിയ ആരോപണവുമായി ചെന്നിത്തല
യുഡിഎഫ് ദുര്‍ബലമായാല്‍ അതിന്റെ ഗുണം എല്‍ഡിഎഫിനാണ് ലഭിക്കുന്നത്. യുഡിഎഫ് ദുർബലമാകുമ്പോൾ എൽഡിഎഫ് അത് മുതലെടുക്കുകയാണ് വേണ്ടത്. യുഡിഎഫ് ദുര്‍ബലമായാല്‍ കോട്ടയത്തെ ഏഴു സീറ്റുകളിലും എല്‍ഡിഎഫിനു ലഭിക്കും. പാലായില്‍ മാണി സി കാപ്പന് വിജയിച്ചത് എല്‍ഡിഎഫ് ഒരുമിച്ച് പ്രവര്‍ത്തിച്ചതു കൊണ്ടാണെന്നും കാനം കൂട്ടിച്ചേർത്തു.
അതേസമയം, കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ പൂർണമായി തള്ളാത്ത നിലപാടാണ് സിപിഎമ്മിന്. ജോസ് കെ.മാണിയെ മുന്നണിയിലെടുക്കണോ എന്ന കാര്യത്തിൽ ചർച്ച നടത്താമെന്നാണ് സിപിഎം നിലപാട്. ജോസ് കെ.മാണി വിഭാഗം പുറത്തായത് യുഡിഎഫിനെ കൂടുതൽ ദുർബലപ്പെടുത്തുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്.
Read Also: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ വിമർശനം ശക്തം; പിന്തുണച്ചും നിരവധിപേർ
“കേരള കോൺഗ്രസിലെ ജോസ് കെ.മാണി, പി.ജെ.ജോസഫ് തമ്മിലുള്ള തർക്കങ്ങൾ ഇടപെട്ട് പരിഹരിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടുവെന്നതാണ് ഒടുവിലത്തെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. യുഡിഎഫിന്റെ സംഘടനാപരമായും രാഷ്ട്രീയപരമായുമുളള കെട്ടുറപ്പ് തകർന്നുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്. കേന്ദ്രീകൃതമായ ഒരു നേതൃത്വം യുഡിഎഫിന് ഇല്ലാതെയായി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ സംഭവം. ഇത് യുഡിഎഫിന്റെ തകർച്ചയ്ക്ക് വേഗത കൂട്ടും,” കോടിയേരി പറഞ്ഞു. കോൺഗ്രസിൽ ഏറ്റവുമധികം ജനപിന്തുണയുള്ള പാർട്ടിയാണ് കേരള കോൺഗ്രസെന്നും കോടിയേരി ചൂണ്ടിക്കാട്ടി.