കോഴിക്കോട്: അഴിമതി ആര് നടത്തിയാലും സർക്കാർ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി മൂടിവയ്ക്കുന്ന നിലപാട് സർക്കാരിനില്ല. ജേക്കബ് തോമസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചില കാര്യങ്ങൾ ശരിയാണ്. ഇതിൽ വ്യക്തത വരുത്താനാണ് നിയമോപദേശം തേടിയതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജേക്കബ് തോമസിൽ സർക്കാരിന് ഇപ്പോഴും പൂർണ വിശ്വാസമുണ്ട്. സർക്കാരിനു വിശ്വാസമില്ലാത്തവർ ഭരണതലത്തിൽ തുടരില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ കോളജുകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ രണ്ട് സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് വരുന്ന മുറയ്ക്ക് നടപടി എടുക്കും. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മന്ത്രി രാമകൃഷ്ണൻ ജിഷ്ണുവിന്റെ വീട് സന്ദർശിച്ചതാണ്.

ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ചില പ്രശ്നങ്ങളുണ്ടെന്നത് ശരിയാണ്. ഇക്കാര്യത്തിൽ അവർ അഭിപ്രായം പറഞ്ഞപ്പോൾ സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു. ഫയലുകൾ കെട്ടിക്കിടക്കുന്നതായി പൊതുപ്രതീതിയുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ സെക്രട്ടറിമാരുടെ യോഗം വിളിക്കും. മനഃപൂർവം ആരെങ്കിലും ഫയൽ താമസിപ്പിക്കുന്നതായി കണ്ടാൽ കർശന നടപടിയെടുക്കും. അതേസമയം, ഉദ്യോഗസ്ഥരെ സംരക്ഷിച്ച് കൊണ്ട് തന്നെ മുന്നോട്ട് പോകും. എന്നാൽ അഴിമതി അവകാശമായി ആരും കാണരുത്. കേസിനെ കേസായി കാണാൻ എല്ലാവരും തയാറാകണം. കേസിന്റെ പേരിൽ ഉദ്യോഗസ്ഥരെയാരെയും പീഡിപ്പിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.

ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ഇടപെടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സി.പി.രാമസ്വാമി അയ്യരുടെ കാലത്താണ് സ്ഥലം ഏറ്റെടുത്തത്. അതിനെ പറ്റി ഇപ്പോൾ ചർച്ച ചെയ്യണമെന്ന് പറഞ്ഞാൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ